അര്‍ജുന്റെ മൃതദേഹ അവശേഷിപ്പുകള്‍ കുടുംബത്തിന് കൈമാറാന്‍ വൈകിയേക്കും
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹത്തിന്റെ അവശേഷിപ്പുകള്‍ കുടുംബത്തിന് കൈമാറാന്‍ വൈകിയേക്കും. ഡിഎന്‍എ താരതമ്യ പരിശോധന ഇന്ന് വൈകിട്ടോടെ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. എന്നാല്‍ ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗത്തിന്റെ വീഴ്ചയാണ് സാംപിള്‍ ലാബിലേക്ക് എത്തിക്കുന്നത് വൈകാന്‍ കാരണമായത്.
Also Read; മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്ത അന്‍വറിന്റെ ഒളിയമ്പുകളെ നേരിടാന്‍ പാര്‍ട്ടി ; തീരുമാനം ഇന്നറിയാം…
അര്‍ജുന്റെ സഹോദരന്‍ അഭിജിത്തിന്റെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ച് താരതമ്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്. അര്‍ജുന്റെ തുടയെല്ലും നെഞ്ചിന്റെ ഭാഗത്തുള്ള വാരിയെല്ലിന്റെ ഒരു ഭാഗവുമാണ് പരിശോധനയ്ക്കായി അയച്ചിട്ടുള്ളത്. രണ്ട് ഡിഎന്‍എയും ഒത്തുപോകുന്നുവെന്ന് വാക്കാല്‍ വിവരം ലഭിച്ചാല്‍ത്തന്നെ മൃതദേഹത്തിന്റെ അവശേഷിപ്പുകള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ലോറി ഉടമയായ മനാഫും സംഘവും ഇന്നലെ രാത്രിതന്നെ നാട്ടിലേക്ക് തിരിച്ചു. അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിനും സഹോദരന്‍ അഭിജിത്തും ആംബുലന്‍സില്‍ മൃതദേഹത്തെ അനുഗമിക്കും. ജില്ലാ ഭരണകൂടം സജ്ജീകരിച്ച ആംബുലന്‍സിന്റെ എല്ലാ ചെലവും കേരള സര്‍ക്കാര്‍ വഹിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. കര്‍ണാടക പൊലീസിന്റെ സുരക്ഷയോടെയാണ് മൃതദേഹം കോഴിക്കോട് കണ്ണാടിക്കലേക്ക് കൊണ്ടുപോകുക. ജൂലൈ 16 നാണ് അര്‍ജുനെ കാണാതായത്. അന്ന് രാവിലെ 8.45 നാണ് ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. തുടര്‍ന്ന് അര്‍ജുനായുള്ള നീണ്ട കാത്തിരിപ്പായിരുന്നു. അതിന് വിരാമമിട്ട് അര്‍ജുന് അന്ത്യയാത്ര നല്‍കാനുള്ള ഒരുക്കത്തിലാണ് നാട്.