മൈസൂരുവില്‍ റേവ് പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്, 64 പേരെ കസ്റ്റഡിയിലെടുത്തു
മൈസൂരു: മൈസൂരു മീനാക്ഷിപുരയിലെ സ്വകാര്യ ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്. പാര്‍ട്ടിയില്‍ പങ്കെടുത്ത 64 പേരെ കസ്റ്റഡിയിലെടുത്തു. നിരവധി വാഹനങ്ങളും പിടിച്ചെടുത്തു.
ഞായറാഴ്ച പുലര്‍ച്ചെയാണ് പോലീസ് സംഘം പാര്‍ട്ടി നടക്കുകയായിരുന്ന ഫാംഹൗസില്‍ റെയ്ഡ് നടത്തിയത്. പരിശോധനയ്ക്കിടെ 15-ഓളം യുവതികളെ അബോധാവസ്ഥയില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. അതേസമയം, രാസലഹരികള്‍ കണ്ടെടുത്തതായി സ്ഥിരീകരണമില്ല. കസ്റ്റഡിയിലെടുത്തവരെയെല്ലാം പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇവരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചതായും ഇതിന്റെ ഫലം വരുന്നതനുസരിച്ച് തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും പോലീസ് അറിയിച്ചു.
ഫാം ഹൗസില്‍ നിന്ന് രാസലഹരി കണ്ടെടുത്തിട്ടില്ലെന്ന് മൈസൂരു എസ്.പി. വിഷ്ണുവര്‍ധനും മാധ്യമങ്ങളോട് പറഞ്ഞു. മദ്യവും സിഗരറ്റുകളും ഫാംഹൗസിലുണ്ടായിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കായി ഫോറന്‍സിക് സംഘം സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഇതിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും എസ്.പി. വ്യക്തമാക്കി. മൈസൂരുവിലെ റേവ് പാര്‍ട്ടിയില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും മാധ്യമങ്ങളോട് പ്രതികരിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..




Malayalam 





























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































