#Crime #Top Four

ഒഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചില്ല; മൂന്ന് സുഹൃത്തുക്കള്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി

ഇരിട്ടി: ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ച സംഭവത്തില്‍ യുവാവിന്റെ മൂന്ന് സുഹൃത്തുക്കളെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടിക്ക് സമീപം വട്ട്യറ പുഴയില്‍ ഒഴുക്കില്‍പ്പെട്ട ചെടിക്കുളം സ്വദേശി തടത്തില്‍ ജോബിന്‍ (33) നെ രക്ഷിക്കാന്‍ ശ്രമിക്കാത്തതിനും അപകടവിവരം മറച്ചുവെച്ചതിനുമാണ് സുഹൃത്തുക്കളായ ഇരിട്ടി പയഞ്ചേരി പാറാല്‍ വീട്ടില്‍ കെ.കെ. സക്കറിയ (37), വിളക്കോട് നബീസ മന്‍സിലില്‍ പി.കെ. സാജിര്‍ (46), മുരുങ്ങോടി മുള്ളന്‍പറമ്പത്ത് വീട്ടില്‍ എ.കെ. സജീര്‍ (40) എന്നിവരെ അറസ്റ്റ് ചെയ്തത്.

സെപ്റ്റംബര്‍ അഞ്ചിന് ഉച്ചയ്ക്ക് ഒന്നോടെ സുഹൃത്തുക്കളുമൊത്ത് പുഴയില്‍ കുളിക്കാനെത്തിയ ജോബിനെ നാലുമണിയോടെ ഒഴുക്കില്‍ പെട്ട് കാണാതായി. രാത്രി വൈകിയും ജോബിന്‍ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വട്ട്യറ പുഴക്കരയില്‍ ജോബിന്റെ വസ്ത്രം അഴിച്ചുവെച്ച നിലയില്‍ കണ്ടത്. ഇരിട്ടി പോലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ രണ്ടാം ദിവസമാണ് ജോബിന്റെ മൃതദേഹം കണ്ടെത്തിയത്. ജോബിന്റെ കൂടെ കുളിക്കാനെത്തിയ സുഹൃത്തുക്കളില്‍ ചിലരെ പോലീസ് ചോദ്യം ചെയ്തെങ്കിലും സംശയം തോന്നാത്തതിനാല്‍ വിട്ടയച്ചു. എന്നാല്‍ ജോബിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് വീണ്ടും പോലീസ് അന്വേഷണം നടത്തിയത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: സുഹൃത്തുക്കളുമൊന്നിച്ച് പുഴക്കടവില്‍ എത്തിയ ജോബിന്‍ കുളിക്കുന്നതിനിടെ ഇവരുമായി വാക്കേറ്റവും ചെറിയ ഉന്തും തള്ളും ഉണ്ടായി. ഈ തള്ളലിനിടയിലാണ് ജോബിന്‍ ഒഴുക്കില്‍പ്പെട്ടത്. ഇതോടെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ മൂന്നുപേരും പുഴക്കരയില്‍നിന്ന് രക്ഷപ്പെട്ടു. അപകടത്തിന് മുന്‍പ് ജോബിന്‍ ബന്ധുവിനെ ഫോണില്‍ വിളിച്ച് പുഴക്കടവില്‍ ഉള്ളകാര്യം പറഞ്ഞിരുന്നു. ഇതിനിടയില്‍ ഒപ്പമുള്ളവരുടെ പേരും പറഞ്ഞിരുന്നു. ഇതാണ് തുടരന്വേഷണത്തിന്റെ ഭാഗമായി മൂന്നുപേരെയും വീണ്ടും വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യാന്‍ പോലീസിനെ പ്രേരിപ്പിച്ചത്. അപകടത്തില്‍ പെട്ടയാളെ രക്ഷിക്കാന്‍ ശ്രമിക്കാതെ കടന്നുകളഞ്ഞതിനും പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി ഇവരെ അറസ്റ്റ് ചെയ്തത്.

Leave a comment

Your email address will not be published. Required fields are marked *