വയനാട് ഉരുള്‍പൊട്ടല്‍ ; ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതി തള്ളമെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി
കൊച്ചി : വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം വിധിച്ച നാശനഷ്ടത്തില്‍ ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി(പി.എ.സി). 15 ദിവസത്തിനകം ഇതുമായി ബന്ധപ്പെട്ട നടപടികള്‍ എടുക്കണമെന്ന നിര്‍ദേശമാണ് ബാങ്കിങ് മേഖലയിലെ നവീകരണവുമായി ബന്ധപ്പെട്ട യോഗത്തില്‍ നല്‍കിയത്.
കൊച്ചിയില്‍നടന്ന യോഗത്തില്‍ റെയില്‍വേ, പരിസ്ഥിതി, പ്രതിരോധം, ധനകാര്യം, ഉപരിതലഗതാഗതം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നു. പരമ്പരാഗതമേഖലയ്ക്ക് ഊന്നല്‍ നല്‍കി കൂടുതല്‍ ‘മുദ്ര’ വായ്പകള്‍ ലഭ്യമാക്കണമെന്നും യോഗം നിര്‍ദേശിച്ചു.
തീരദേശപരിപാലന നിയമത്തില്‍ സമാനസ്വഭാവമുള്ള പഞ്ചായത്തുകളെ തരംതിരിച്ചപ്പോഴുള്ള വേര്‍തിരിവ് അടിയന്തരമായി പരിഹരിക്കണം. 2011-ലെ ജനസംഖ്യ സെന്‍സസ് അനുപാതത്തിനുപകരം നിലവിലെ ജനസംഖ്യയും പഞ്ചായത്തുകളുടെ മാറിയ നഗരസ്വഭാവവും കണക്കാക്കി ഒഴിവാക്കപ്പെട്ട പഞ്ചായത്തുകളെക്കൂടി സി.ആര്‍.ഇസഡ് ഭേദഗതിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനം നടപടിസ്വീകരിക്കണമെന്നും നിര്‍ദേശിച്ചു. ഇതനുസരിച്ചുള്ള നടപടി സ്വീകരിക്കാമെന്ന് സംസ്ഥാനം ഉറപ്പുനല്‍കി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
പി.എ.സി. ചെയര്‍മാന്‍ കെ.സി. വേണുഗോപാല്‍, എം.പി.മാരായ ജഗദാംബിക പാല്‍, ഡോ. അമര്‍ സിങ്, ബാലഷോരി വല്ലഭനേനി, ഡോ. സി.എം. രമേഷ്, ശക്തിസിന്‍ഹ് ഗോഹില്‍, സൗഗത റോയ്, തിരുച്ചിശിവ, ജയ്പ്രകാശ്, അപരാജിത സാരംഗി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍.കേന്ദ്ര ധനകാര്യവകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എം.ജി. ജയശ്രീ, എസ്.ബി.ഐ എം.ഡി. അശ്വനികുമാര്‍ തിവാരി, കനറാ ബാങ്ക് എം.ഡി. സത്യനാരായണ രാജു, ഇന്ത്യന്‍ ബാങ്ക് എം.ഡി. എസ്.എല്‍. ജയിന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലക് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































