പ്രിയങ്ക വയനാട്ടില്‍ ഇന്നെത്തും,ഒപ്പം രാഹുലും; നാളെ പത്രിക സമര്‍പ്പണം
കല്‍പ്പറ്റ: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും. തന്റെ കന്നിയങ്കത്തിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കാനാണ് പ്രിയങ്ക ഗാന്ധി എത്തുന്നത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം വൈകീട്ടോടെയാണ് പ്രിയങ്ക വയനാട്ടിലെത്തുക. മൈസൂരുവില്‍ നിന്ന് റോഡ് മാര്‍ഗമാണ് ഇരുവരും ബത്തേരിയിലെത്തുക. അതേസമയം ഉപതെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത് നാളെയാണ്. സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തടുങ്ങിയവര്‍ നാളെ മണ്ഡലത്തിലെത്തും.
രണ്ട് കിലോമീറ്റര്‍ റോഡ്‌ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമര്‍പ്പണം. പരമാവധി പ്രവര്‍ത്തകരെ സംഘടിപ്പിച്ച് നാളത്തെ റോഡ് ഷോ വന്‍വിജയമാകാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് ആവേശം രാജ്യതലസ്ഥാനത്തുമെത്തി. ഡല്‍ഹിയില്‍ പലയിടങ്ങളിലായി പ്രിയങ്ക ഗാന്ധിയുടെ നൂറുകണക്കിന് പോസ്റ്ററുകള്‍ പതിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രചാരണത്തിനായി നിരവധി പ്രവര്‍ത്തകരും ഉടന്‍ വയനാട്ടിലേക്ക് തിരിക്കും.
അതേസമയം പ്രിയങ്കഗാന്ധിയുടെ മല്‍സരത്തിന്റെ പേരു പറഞ്ഞ് നേതാക്കള്‍ കൂട്ടത്തോടെ ചുരം കയറാതിരിക്കാന്‍ കോണ്‍ഗ്രസിന്റെ മുന്നൊരുക്കം. ഗാന്ധി കുടുംബമാകെ വയനാട്ടിലേക്കെത്തുമ്പോള്‍ പ്രവര്‍ത്തകരും അതിന്റെ ആവേശത്തില്‍ ചുരം കയറാന്‍ സാധ്യതയുണ്ട്.അങ്ങനെ വന്നാല്‍ അത് ചേലക്കരയിലും പാലക്കാടും കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനറിയാം. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ചുമതലയുളള നേതാക്കള്‍ അനാവശ്യമായി വയനാടിന് വണ്ടി കയറരുതെന്ന് കെപിസിസി കര്‍ശന നിര്‍ദേശം നല്‍കി. പാലക്കാട്ടെയും ചേലക്കരയിലെയും തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന് മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ചേലക്കരയിലെ തെരഞ്ഞെടുപ്പ് നിരീക്ഷകരായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കൊടിക്കുന്നില്‍ സുരേഷിനെയുമാണ് നിയോഗിച്ചിരിക്കുന്നത്. ബെന്നി ബഹനാനും കെസി ജോസഫുമാണ് പാലക്കാട്ടെ നിരീക്ഷകര്‍. തെരഞ്ഞെടുപ്പ് ചുമതലയുളള നേതാക്കള്‍ കൃത്യമായും അതത് മണ്ഡലങ്ങളില്‍ ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം നിരീക്ഷകര്‍ക്കാണ്. പ്രിയങ്കയുടെ മല്‍സരമായതിനാല്‍ എഐസിസി ഭാരവാഹികളുടെ നേരിട്ടുളള നിരീക്ഷണത്തിലാണ് വയനാട്.





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































