കൂറുമാറ്റ കോഴ ആരോപണത്തില്‍ ഉടന്‍ അന്വേഷണമില്ല ; തോമസ് കെ തോമസ് അടക്കം ആരും പരാതി നല്‍കിയില്ല
തിരുവനന്തപുരം : കൂറുമാറ്റ കോഴ ആരോപണത്തില്‍ ഉടന്‍ അന്വേഷണം വേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍. അജിത് പവാറിന്റെ എന്‍സിപിയിലേക്ക് ചേരാനായി രണ്ട് എംഎല്‍എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. എല്‍സിപി എംഎല്‍എ തോമസ് കെ തോമസാണ് ഇത്തരത്തില്‍ എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചത് എന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണ പരാതിയില്‍ തോമസ് കെ തോമസ് അടക്കം ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ല. പരാതി നല്‍കിയാലും തിടുക്കത്തില്‍ ഈ വിഷയത്തില്‍ അന്വേഷണം ഉണ്ടാകില്ലെന്നാണ് വിവരം. അന്വേഷണം വന്നാല്‍ സാമ്പത്തിക വിഷയമായതിനാല്‍ ഇഡി കൂടി എത്തുമോ എന്നാണ് ഭരണ കക്ഷി ആശങ്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ആ നീക്കം ഗുണകരമാകില്ലെന്നും വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ പരാതി ലഭിച്ചാലും ഉടന്‍ അന്വേഷണത്തിന് സാധ്യതയില്ല.
പുറത്ത് വന്നത് വൈകിയാണെങ്കിലും അത്രക്ക് ഗൗരവമേറിയ ആരോപണമാണ് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരെ ഉയര്‍ന്നിട്ടുള്ളത്. ഇടത് എംഎല്‍എമാരെ ബിജെപി പാളയത്തിലേക്ക് എത്തിക്കാന്‍ നീക്കം നടത്തിയെന്നാണ് മന്ത്രിസ്ഥാനത്തിനായി കരുക്കള്‍ നീക്കിയ തോമസ് കെ തോമസിന് നേരെ ഉയര്‍ന്ന ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തോമസ് കെ തോമസിന് എന്തുകൊണ്ട് മന്ത്രി സ്ഥാനം നല്‍കുന്നില്ലെന്നതിലായിരുന്നു വിശദീകരണം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































