November 12, 2024
#kerala #Top Four

പി പി ദിവ്യ ഇന്ന് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും, എതിര്‍ത്ത് കക്ഷി ചേരാന്‍ നവീന്റെ കുടുംബം

കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് റിമാന്‍ഡിലായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ദിവ്യ അപേക്ഷ നല്‍കുക. അതേസമയം ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്റെ കുടുംബം കക്ഷി ചേരും. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യക്കെതിരെ സംഘടന നടപടി ഉണ്ടാകുമോ എന്ന് ഇന്ന് അറിയാം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ചേരും.

Also Read; ഗൂഢാലോചനയില്‍ പങ്ക്, ആരോപണമുന്നയിച്ച പ്രശാന്തിനെയും പ്രതി ചേര്‍ക്കണമെന്ന് കുടുംബം

വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് മണിക്കൂറുകള്‍ക്കകം നാടകീയമായി ദിവ്യ പോലീസിന് മുന്നിലെത്തിയത്. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കനത്ത പോലീസ് സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ നിന്നും ദിവ്യയെ ജയിലിലെത്തിച്ചത്. അടുത്ത മാസം 12-ാം തിയതി വരെയാണ് ദിവ്യയുടെ റിമാന്‍ഡ് കാലാവധി.

ദിവ്യക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ ശരിവെച്ചാണ് കോടതി ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയത്. ക്ഷണിച്ചിട്ടാണ് നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ എത്തിയതെന്ന ദിവ്യയുടെ വാദം കോടതി തള്ളിക്കളഞ്ഞു. പൊതുപ്രവര്‍ത്തകയായ താന്‍ അഴിമതിക്ക് എതിരെ കര്‍ശന നിലപാട് എടുക്കുന്നയാളാണ്, തീര്‍ത്തും സദുദ്ദേശപരമായിരുന്നു അന്നത്തെ പ്രസംഗം, സമൂഹത്തിനു മുന്നില്‍ ആ സന്ദേശം എത്തിക്കാനായിരുന്നു വീഡിയോ പ്രചരിപ്പിച്ചത്, എന്ന വാദങ്ങള്‍ ഓരോന്നും കോടതി തള്ളിക്കളയുന്നുണ്ട്. ക്ഷണിക്കാത്ത സ്വകാര്യ ചടങ്ങില്‍ വീഡിയോഗ്രാഫറുമായി എത്തുന്നതിന്റെ ലക്ഷ്യമെന്തെന്ന് മനസിലാവുന്നില്ലെന്ന് നിരീക്ഷിച്ച തലശ്ശേരി സെഷന്‍സ് കോടതി ജഡ്ജ് കെ ടി നിസാര്‍ അഹമ്മദ് വീഡിയോ ചിത്രീകരിക്കാന്‍ പദ്ധതിയിട്ടതും പ്രചരിപ്പിച്ചതും നവീനെ മേലുദ്യോഗസ്ഥര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മുന്‍പില്‍ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് കണ്ടെത്തി.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *