November 12, 2024
#kerala #Top Four

സന്ദീപ് വാര്യര്‍ ഇടത് നയം അംഗീകരിച്ചാല്‍ സ്വീകരിക്കുമെന്ന് ടി പി രാമകൃഷ്ണന്‍, സന്ദീപിനെ പാര്‍ട്ടിയിലെടുക്കുക എളുപ്പമല്ലെന്ന് എം വി ഗോവിന്ദന്‍

പാലക്കാട്: ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്ന സന്ദീപ് വാര്യരെ വീണ്ടും സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എല്‍എഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും. സന്ദീപ് ഇടത് നയം അംഗീകരിച്ചാല്‍ സ്വീകരിക്കാമെന്നാണ് ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കിയത്. സന്ദീപ് ഇപ്പോഴും ബിജെപി പ്രവര്‍ത്തകനാണെന്നും സരിനെപോലെയല്ല സന്ദീപെന്നും അദ്ദേഹം പറഞ്ഞു. സരിന്‍ ഇടത് നയം സ്വീകരിച്ച് വന്നയാളാണ്. ഇടത് നയം സ്വീകരിക്കുന്ന ആരെയും സ്വീകരിക്കും. അത്തരത്തില്‍ നയം മാറ്റി വരാന്‍ സന്ദീപ് തയ്യാറായാല്‍ സന്ദീപിനെയും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ ദേശീയ നയം ചര്‍ച്ച ചെയ്യുന്നതേയുള്ളൂ. പ്രസിദ്ധീകരിക്കുക മധുര പാര്‍ട്ടി കോണ്‍ഗ്രസിലാണ്. മറ്റു തീരുമാനമൊന്നും എടുത്തതായി അറിവില്ല.പാര്‍ട്ടി കോണ്‍ഗ്രസില്‍ കൃത്യമായി പ്രസിദ്ധീകരിക്കുമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

Also Read; സാന്ദ്ര തോമസിനെ പുറത്താക്കി സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

അതേസമയം സന്ദീപ് ഇടത് നിലപാട് സ്വീകരിച്ചു വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. സന്ദീപുമായി ഞാന്‍ സംസാരിച്ചിട്ടില്ല. ആരെങ്കിലും സംസാരിച്ചോ എന്നറിയില്ല. സന്ദീപിനെ പാര്‍ട്ടിയിലെടുക്കുക എളുപ്പമല്ല. പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നതാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്നിടത്തും ശക്തമായ പോരാട്ടമാണ് നടക്കുന്നത്. വയനാട്ടിലും അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. വലിയ ഭൂരിപക്ഷത്തിന് ചേലക്കരയില്‍ എല്‍ഡിഎഫ് ജയിക്കും. പാലക്കാട് എല്‍ഡിഎഫും യു.ഡി.എഫും തമ്മിലാണ് മത്സരം. ഷാഫിക്ക് കിട്ടിയ വോട്ട് രാഹുലിന് കിട്ടില്ല. ബിജപി ദുര്‍ബലമാണ്. ബിജെപിക്ക് അകത്തും പുറത്തും വിവാദമാണ്. വോട്ടെടുപ്പ് തീയതി മാറ്റിവെച്ചത് കൊണ്ട് ബിജെപിക്ക് ഉള്ളിലെ പ്രതിസന്ധി അവസാനിക്കുന്നില്ലെനും എം വി ഗോവിന്ദന്‍ പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *