November 12, 2024
#kerala #Top Four

കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ പോലീസിന്റെ പാതിരാ പരിശോധന ; പാലക്കാട് പ്രതിഷേധം, സംഘര്‍ഷം

പാലക്കാട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത് തീര്‍ത്തും അപ്രതീക്ഷിതമായ കാര്യങ്ങളാണ്. അതില്‍ ഏറ്റവും ശക്തമായ ഒന്നായിരുന്നു ഇന്നലെ അര്‍ധരാത്രി പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ നടന്ന പാതിരാ പരിശോധന. ട്രോളി ബാഗുകളിലാക്കി തെരഞ്ഞെടുപ്പിന് ആവശ്യമായ കള്ളപ്പണം എത്തിച്ചെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ പരിശോധന നടത്തിയത്. പാലക്കാട് കെപിഎം റീജന്‍സി എന്ന ഹോട്ടലിലായിരുന്നു പോലീസ് പരിശോധന. വികെ ശ്രീകണ്ഠന്‍, ജ്യോതികുമാര്‍ ചാമക്കാല, ഷാഫി പറമ്പില്‍ തുടങ്ങിയ നേതാക്കള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നപ്പോളാണ് മൂന്ന് നിലകളിലായി പോലീസ് പരിശോധന നടത്തിയത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

എന്നാല്‍ പോലീസിന്റേത് അപ്രതീക്ഷിത നടപടിയായിരുന്നെന്ന പ്രതിഷേധമാണ് പ്രവര്‍ത്തകര്‍ ഉന്നയിച്ചത്. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് പോലീസെത്തിയതെന്നും വനിതാ നേതാക്കളുടെ റൂമുകളില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഇല്ലാതെയാണ് പരിശോധന നടത്തിയത് തുടങ്ങിയ ആരോപണങ്ങളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉന്നയിച്ചത്. അതേസമയം പോലീസ് റെയ്ഡ് ആരംഭിച്ച് കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ ബിജെപി സിപിഎം പ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് തടിച്ചു കൂടി. ഇത് പ്രവര്‍ത്തകര്‍ തമ്മിലുള്ള വാക്കേറ്റത്തിലേക്കും കയ്യാങ്കളിയിലേക്കും നീങ്ങി. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കിയത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍ എന്നിവരും ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്നാണ് സിപിഐഎം ആരോപണം. വനിതാ പോലീസ് ഇല്ലാതെ റൂമില്‍ ഇരച്ചു കയറിയെന്ന് ബിന്ദുകൃഷ്ണ ആരോപിച്ചു. ആദ്യ ഘട്ടത്തില്‍ വനിതാ പോലീസ് ഇല്ലാതെ വന്ന പൊലീസ് സംഘത്തിന് മടങ്ങിപ്പോകേണ്ടിവന്നു. എന്നാല്‍ പിന്നീട് വനിതാ പോലീസുമായി വന്ന് ഉദ്യോഗസ്ഥര്‍ പരിശോധന പൂര്‍ത്തിയാക്കി. ബിജെപിക്കാരുടെ മുറിയില്‍ പോലും കയറാത്ത പോലീസ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തകര്‍ താമസിക്കുന്ന മുറികളില്‍ ഇരച്ചുകയറി എന്നും അവര്‍ ആരോപിക്കുന്നു. പരിശോധനയില്‍ പക്ഷെ ഒന്നും കണ്ടെത്താനായില്ല.

ഇതിനിടെ ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ പോലീസുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. റൂം നമ്പര്‍ 1005 പരിശോധിക്കണം എന്ന് പോലീസ് ആവശ്യപ്പെട്ടപ്പോള്‍ സ്ത്രീകള്‍ താമസിക്കുന്ന മുറി തുറക്കാന്‍ ആകില്ലെന്ന് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍ പോലിസ് പരിശോധന നടത്തി.

എന്നാല്‍ മുറിയില്‍ നിന്ന് ഒന്നും ലഭിച്ചില്ലെന്ന് അറിഞ്ഞ ശേഷം ഒരു വനിതാ പോലീസ് പ്രതിനിധിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുകയും ചെയ്തു. ശേഷം ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍ ഇലക്ഷന്‍ കമ്മീഷന്‍ പ്രതിനിധികളുടെ പരിശോധനയും ഉണ്ടായി.ഇതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളുമായി രൂക്ഷമായ വാക്ക്തര്‍ക്കമാണ് ഉണ്ടായത്. ശേഷം ഒന്നും ലഭിച്ചില്ലെന്ന് പോലീസ് തന്നെ എഴുതിക്കൊടുത്തു.

Leave a comment

Your email address will not be published. Required fields are marked *