November 12, 2024
#kerala #Top Four

സുരേഷ് ഗോപിക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ; ജി 7 ഉച്ചക്കോടിയിലെ പ്രതിനിധിയാക്കി പ്രധാനമന്ത്രി

ഡല്‍ഹി: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 7 ഉച്ചക്കോടിയിലെ പ്രതിനിധി സംഘത്തില്‍ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തിയതിനൊപ്പം പാര്‍ലമെന്റ് സമ്മേളനത്തിലെ മസ്റ്ററിംഗ് ചുമതലയും സുരേഷ് ഗോപിക്ക് നല്‍കി. അതോടൊപ്പം കേരളത്തിലെ വഖഫ് വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. അതേസമയം കഴിഞ്ഞ ദിവസം സുരേഷ് ഗോപിയെ പ്രധാനമന്ത്രി ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലെത്തിയ സുരേഷ് ഗോപിയെ വൈകിട്ട് നേരില്‍ക്കണ്ടാണ് പ്രധാനമന്ത്രി അധിക ചുമതല നല്‍കിയത്.

Also Read; പാര്‍ട്ടി നടപടിക്ക് പിന്നാലെ ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ ഉത്തരവ് ഇന്ന്

അതേസമയം കേന്ദ്രമന്ത്രി പദത്തിലിരിക്കേ സിനിമാഭിനയം വേണ്ടെന്നാണ് സുരേഷ് ഗോപിയാട് കേന്ദ്രമന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരിക്കുന്നത്. സിനിമ സെറ്റുകളില്‍ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടി ഓഫീസ് പ്രവര്‍ത്തിച്ചുകൊള്ളാമെന്ന സുരേഷ് ഗോപിയുടെ ഉപാധി അമിതാഷായും അംഗീകരിച്ചില്ല. മുഴുവന്‍ സ്റ്റാഫുകളെ ഇനിയും നിയോഗിക്കാത്തതും വീഴ്ചയായാണ് ബിജെപി കേന്ദ്ര നേതൃത്വം വിലയിരുത്തിയത്.

ഇതിനെല്ലാം ഉപരിയായി പണം സമ്പാദിക്കുന്ന മറ്റ് മാര്‍ഗങ്ങള്‍ പാടില്ലെന്ന മന്ത്രിമാരുടെ പെരുമാറ്റ ചട്ടവും സുരേഷ് ഗോപിക്ക് എതിരായി.സുരേഷ് ഗോപിയുടെ നടപടികളില്‍ സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലും സുരേഷ് ഗോപി പരിധിവിട്ടെന്ന വിലയിരുത്തലുണ്ടായിരുന്നു. ഇതിന് മുന്‍പ് നടന്ന കൂടിക്കാഴ്ചയില്‍ മോദിയും അമിത് ഷായും പഴയതുപോലെ സൗഹാര്‍ദ്ദപരമായിട്ടല്ല സുരേഷ് ഗോപിയോട് നിലപാടെടുത്തത്.

അനുമതിയില്ലാത്തതിനാല്‍ ഏറ്റെടുത്ത സിനിമകള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ സുരേഷ് ഗോപിക്ക് കഴിയില്ല. ഒറ്റക്കൊമ്പന്‍ സിനിമയിലെ കഥാപാത്രത്തിന്റെ പ്രത്യേകതയായ താടി മീശ കഴിഞ്ഞ ദിവസം സുരേഷ് ഗോപി ഒഴിവാക്കിയതും അനുമതിയില്‍ കുരുങ്ങിയാണ്. ഇതിനിടെ ഊഹാപോഹങ്ങള്‍ക്ക് അര്‍ത്ഥമില്ലെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട് പ്രതിരോധം തീര്‍ക്കുകയാണ് സുരേഷ് ഗോപി ചെയ്തത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *