#news #Top Four

തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാതായ സംഭവം: ഭാര്യക്ക് ഫോണ്‍ ചെയ്തതായി വിവരം, അന്വേഷണം കര്‍ണാടകയിലേക്ക്

തിരൂര്‍: ദുരൂഹസാഹചര്യത്തില്‍ കാണാതായ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ബി ചാലിബ് ഭാര്യയെ ഫോണില്‍ ബന്ധപ്പെട്ടെന്ന് വിവരം. വീട്ടിലേക്ക് തിരിച്ചുവരികയാണെന്നും താന്‍ സുരക്ഷിതനാണെന്നും അദ്ദേഹം ഭാര്യയോട് പറഞ്ഞതായാണ് വിവരം. എവിടെയാണെന്ന ചോദ്യത്തിന് ദൂരെയാണെന്നും ഇപ്പോള്‍ ബസ്സ്റ്റാന്റിലാണുള്ളതെന്നും വ്യക്തമാക്കിയ അദ്ദേഹം, സംസാരിക്കാന്‍ പറ്റിയ സാഹചര്യത്തിലല്ലെന്നും പ്രതികരിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. അതേസമയം ചാലിബിന്റെ ടവര്‍ ലൊക്കേഷന്‍ കര്‍ണാടകയിലെ ഉഡുപ്പിയിലാണുള്ളത്. ഇതേ തുടര്‍ന്ന് പോലീസ് കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Also Read; പാലക്കാട്ടെ റെയ്ഡിന്റെ സംവിധായകന്‍ ഷാഫി പറമ്പില്‍ തന്നെ – എം വി ഗോവിന്ദന്‍

ബുധനാഴ്ച വൈകീട്ട് ഓഫീസില്‍നിന്ന് വരുന്നവഴിയാണ് തിരൂര്‍ മാങ്ങാട്ടിരി പൂക്കൈത സ്വദേശിയായ പി.ബി ചാലിബിനെ കാണാതായത്. വൈകീട്ട് അഞ്ചേകാലോടെ അദ്ദേഹം ഓഫീസില്‍ നിന്ന് ഇറങ്ങിയതായി സഹപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. അതിനുശേഷം ഭാര്യ വിളിച്ചപ്പോള്‍ തിരിച്ചെത്താന്‍ വൈകും എന്നാണ് അറിയിച്ചത്. പിന്നീട് വാട്‌സാപ്പില്‍ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പോലീസ്, എക്സൈസ് ടീം ഉണ്ടെന്നും പറഞ്ഞു. രാത്രി 11 വരെ കാണാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ തിരൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. രാത്രി 12.18-ന് ഓഫ് ആയ ഫോണ്‍ പിന്നീട് രാവിലെ 6.55-ന് അല്‍പസമയം ഓണ്‍ ആയതായി കണ്ടിരുന്നു. ആദ്യഘട്ടത്തില്‍ അവസാന മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കോഴിക്കോട് പാളയം ഭാഗത്താണെന്നാണ് കാണിച്ചിരുന്നത്. പിന്നീട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ല.

കാണാതായെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും പോലീസ് വീട്ടുകാരുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *