ഗോപാലകൃഷ്ണനും എന്‍ പ്രശാന്തിനുമെതിരെ നടപടിക്ക് സാധ്യത ; തീരുമാനം മുഖ്യമന്ത്രിയുടേത്

തിരുവനന്തപുരം: മതാടിസ്ഥാനത്തിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന് എതിരായ സര്‍ക്കാരിന്റെ നടപടി ഇന്നുണ്ടാകും. ഗോപാലകൃഷ്ണന്റേത് അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് ചീഫ് സെക്രട്ടറി ഇന്നലെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മൊബൈല്‍ ഹാക്ക് ചെയ്‌തെന്ന ഗോപാലകൃഷ്ണന്റെ വാദം ശരിയല്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
അതേസമയം അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെ പരസ്യമായി അധിക്ഷേപിച്ച എന്‍ പ്രശാന്ത് ഐഎഎസിനെതിരായ നടപടിയിലും ഇന്നു തീരുമാനം വന്നേക്കും. പ്രശാന്തിന്റേത് ചട്ടലംഘനമാണെന്നാണ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചത്. പ്രശാന്തിനെതിരെ കടുത്ത നടപടി വരാന്‍ സാധ്യതയുണ്ട്. കീഴ് ഉദ്യോഗസ്ഥരുടെ ജീവിതവും കരിയറും തകര്‍ക്കലാണ് ജയതിലകിന്റെ രീതിയെന്ന് ഇന്നലെയും പ്രശാന്ത് വിമര്‍ശിച്ചിരുന്നു.
വന്‍ വിവാദങ്ങള്‍ക്കൊടുവിലാണ് ഗോപാലകൃഷ്ണനും പ്രശാന്തിനുമെതിരായ നടപടിക്ക് കളമൊരുങ്ങുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെ മനോരോഗി എന്ന് വരെ വിളിച്ചുള്ള പരസ്യ അധിക്ഷേപത്തിലാണ് എന്‍ പ്രശാന്തിനെതിരായ നടപടി ശുപാര്‍ശ. ഫേസ്ബുക്ക് പോസ്റ്റുള്ളതിനാല്‍ വിശദീകരണം പോലും തേടാതെയാണ് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. പ്രശാന്തിന്റെ വിമര്‍ശനം സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ശാരദാ മുരളീധരന്റെ വസ്തുതാ റിപ്പോര്‍ട്ട്. താന്‍ വിസില്‍ ബ്ലോവറാണെന്നും ജയതിലകിനും ഗോപാലകൃഷ്ണനുമെതിരെ വിമര്‍ശനം തുടരുമെന്നുമായിരുന്നു പ്രശാന്തിന്റെ ഇന്നലെത്തെ പോസ്റ്റിലെ വെല്ലുവിളി. ഐഎഎസ് ഉദ്യോഗസ്ഥര്‍ കൈവിട്ട് പോര് തുടര്‍ന്നിട്ടും സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് വിമര്‍ശനവിധേയമായിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..