വാഹന പരിശോധന ; ലൈസന്‍സും ആര്‍ സിയും ഡിജിറ്റല്‍ കാണിച്ചാല്‍ മതി, അസല്‍ രേഖകള്‍ പിടിച്ചെടുക്കരുത്
അരൂര്‍(ആലപ്പുഴ): ഇനി മുതല്‍ വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഡ്രൈവിങ് ലൈസന്‍സിന്റെയും വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെയും ഡിജിറ്റല്‍ പകര്‍പ്പ് കാണിച്ചാല്‍ മതി. അസല്‍ രേഖ കാണിക്കണമെന്ന് നിര്‍ബന്ധമില്ല. വ്യാഴാഴ്ച സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം ഇനി മുതല്‍ വാഹന പരിശോധന നടത്തുമ്പോള്‍ ഡിജിറ്റല്‍ രേഖകള്‍ മതി.
Also Read ; ലോകകപ്പ് യോഗ്യതാ റൗണ്ട് ; പരാഗ്വെയോട് 1-2 ന് തോല്‍വി ഏറ്റുവാങ്ങി മെസ്സിപ്പട
നേരത്തെ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനാ വേളയില്‍ എം. പരിവാഹന്‍, ഡിജി ലോക്കര്‍ എന്നിവയില്‍ ഡിജിറ്റലായി സൂക്ഷിക്കുന്ന രേഖകള്‍ കാണിച്ചാലും അസല്‍ പകര്‍പ്പ് ആവശ്യപ്പെട്ടിരുന്നു. ഇത് പലപ്പോഴും യാത്രികരും ഉദ്യോഗസ്ഥരും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.
2000-ലെ ഐ.ടി. നിയമ പ്രകാരം ഡജിറ്റല്‍ രേഖകള്‍ അസലിന് തുല്യമാണെന്നാണ് പുതിയ ഉത്തരവിലുള്ളത്. അസല്‍ രേഖകള്‍ കാണിക്കുന്നതിന് നിര്‍ബന്ധിക്കരുതെന്നും ഉത്തരവിലുണ്ട്. വാഹന്‍ പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന ക്യു.ആര്‍. കോഡുള്ള കോപ്പി കാണിച്ചാലും മതി. ഡിജിറ്റല്‍ രേഖകള്‍ കാണിക്കുമ്പോള്‍ ഏതെങ്കിലും നിയമലംഘനങ്ങള്‍ കണ്ടാല്‍ വാഹന്‍ സാരഥി ഡേറ്റാ ബേസില്‍ ഇലക്ട്രോണിക് ആയി ഇ-ചെലാന്‍ തയ്യാറാക്കി രേഖകള്‍ പിടിച്ചെടുത്തതായി രേഖപ്പെടുത്തണമെന്നും ഉത്തരവിലുണ്ട്. അല്ലാതെ അസല്‍ രേഖകള്‍ പിടിച്ചെടുക്കുന്നതും വിലക്കിയിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..