ഭരണഘടനാ വിരുദ്ധ പരാമര്‍ശം ; മന്ത്രി സജി ചെറിയാന് തിരിച്ചടി, പുനരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. സംഭവത്തില്‍ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. വിഷയത്തില്‍ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയ ഹൈക്കോടതി ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്നും ചൂണ്ടിക്കാട്ടി. അന്വേഷണത്തിന് ഡിജിപിക്ക് നിര്‍ദേശം നല്‍കി.
അതേസമയം ഭരണഘടനയെ അപമാനിക്കാനുള്ള ഉദ്ദേശമില്ലെന്ന സജി ചെറിയാന്റെ വാദം ഹൈക്കോടതി തള്ളി. മജിസ്‌ട്രേറ്റ് തീരുമാനമെടുത്തത് സാക്ഷിമൊഴികള്‍ പരിഗണിക്കാതെയെന്ന വാദത്തില്‍ ദൃശ്യങ്ങളിലൂടെ സജി ചെറിയാന്റെ പ്രസ്താവന വ്യക്തമാണെന്ന് ഹൈക്കോടതി പറഞ്ഞു.വിവാദമായ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. അഭിഭാഷകനായ ബൈജു എം നോയല്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്.
കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം എന്നായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗത്തിന്റെ ഭാഗം. പ്രസംഗത്തിലെ കുന്തം, കുടച്ചക്രം എന്നീ പ്രയോഗങ്ങള്‍ എന്തുദ്ദേശിച്ചാണെന്നായിരുന്നു നേരത്തെ ഹൈക്കോടതിയുടെ ചോദ്യം. നിരവധി സാക്ഷികളെ വിസ്തരിച്ചതില്‍ നിന്ന് ഭരണഘടനയെ അവഹേളിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ നേരത്തെ വാദിച്ചത്. 2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഐഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































