സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതോടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത ദിവസം ഇത് വടക്കുപടിഞ്ഞാറ് സഞ്ചരിച്ച് തമിഴ്നാട് ശ്രീലങ്ക തീരത്ത് എത്തുമെന്നാണ് പ്രവചനം. മഴയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിങ്ങനെ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ ഇടിമിന്നലുണ്ടാകാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സന്നിധാനത്തും പമ്പയിലും നിലയ്ക്കലും മഴയുണ്ടാകാനാണ് സാധ്യത. നവംബര്‍ 27 വരെ ഇടിമിന്നലോട് കൂടി ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചിലപ്പോള്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നലുള്ള സമയത്ത് സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറണമെന്നും നിര്‍ദേശത്തിലുണ്ട്. ഈ സമയത്ത് തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ ശ്രദ്ധിക്കുക. ടെലിഫോണ്‍ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം.
അതേസമയം മഴ ശക്തമായ സാഹചര്യത്തില്‍ 29 വരെ തെക്കന്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..