#Career #kerala #Top Four

ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷ ; ചോദ്യങ്ങള്‍ ഓണ്‍ലൈനാക്കാന്‍ തീരുമാനം

തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന രീതി പ്രാവര്‍ത്തിമാക്കാന്‍ തീരുമാനം. ഇത്തവണ കണക്ക് പരീക്ഷയ്ക്കാകും പുതിയ രീതി. പുതിയ രീതിയുടെ പ്രാവര്‍ത്തികമാക്കുന്നതിന് മുന്നോടിയായി പിഴവുകള്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള പരീക്ഷകള്‍ ഈ വര്‍ഷം ഡിസംബറിലോ അടുത്ത വര്‍ഷം ജനുവരിയിലോ നടത്തുമെന്നും ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടര്‍ ഡോ. കെ മാണിക്യരാജ് അറിയിച്ചു. വരുംവര്‍ഷങ്ങളില്‍ കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അക്കൗണ്ടന്‍സി എന്നിവയുടെ പ്രാക്ടിക്കല്‍ പരീക്ഷയും ഈ രീതിയിലാക്കാനാണു തീരുമാനം.

Also Read ; പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ തോല്‍വിക്ക് കാരണം പൊളിറ്റിക്കല്‍ ഇസ്‌ലാം; സുരേന്ദ്രന് പിന്തുണയുമായി പി.സി ജോര്‍ജ്

40 മാര്‍ക്കാണ് പ്രാക്ടിക്കല്‍ പരീക്ഷയ്ക്കുള്ളത്. നിലവില്‍ പരീക്ഷാ പോര്‍ട്ടലായ ഐ എക്‌സാം വഴി മുന്‍കൂട്ടി ലഭിക്കുന്ന ചോദ്യപ്പേപ്പര്‍ സ്‌കൂളില്‍ പ്രിന്റ് എടുത്ത് വിദ്യാര്‍ഥികള്‍ക്കു നല്‍കുകയാണ്. പല സെറ്റ് ചോദ്യങ്ങളില്‍ നിന്നു വിദ്യാര്‍ഥികള്‍ക്ക് ഏതു സെറ്റ് നല്‍കണമെന്ന് പരീക്ഷാ ചുമതലയുള്ള അധ്യാപകര്‍ക്ക് തീരുമാനിക്കാമായിരുന്നു. എന്നാല്‍ പുതിയ രീതി നടപ്പാക്കുന്നതോടെ ചോദ്യപ്പേപ്പര്‍ മുന്‍കൂട്ടി സ്‌കൂളില്‍ ലഭിക്കില്ല. പരീക്ഷാ സമയത്ത് വിദ്യാര്‍ഥി റജിസ്റ്റര്‍ നമ്പര്‍ നല്‍കി ലോഗിന്‍ ചെയ്യുമ്പോള്‍ കംപ്യൂട്ടറില്‍ തന്നെ ചോദ്യങ്ങള്‍ ലഭ്യമാകും. അതും ഓരോ കുട്ടിക്കും വ്യത്യസ്ത ചോദ്യപ്പേപ്പറായിരിക്കും. എന്നാല്‍ ഉത്തരം എഴുതുന്നതിന് കംപ്യൂട്ടര്‍ സഹായത്തോടെ ഉത്തരം കണ്ടെത്തി, പേപ്പറില്‍ രേഖപ്പെടുത്തി നല്‍കുന്ന നിലവിലെ രീതി തുടരും. ചോദ്യങ്ങളുടെ എണ്ണവും 6 ആയിരിക്കും. ഇതില്‍ വിദ്യാര്‍ഥിക്ക് ഇഷ്ടമുള്ള 4 ചോദ്യങ്ങള്‍ക്ക് (8 മാര്‍ക്ക് വീതം) ഉത്തരമെഴുതിയാല്‍ മതി. 32 മാര്‍ക്കാണ് ഇതിലൂടെ ലഭിക്കുക. ബാക്കി 4 മാര്‍ക്ക് വൈവയ്ക്കും 4 മാര്‍ക്ക് റെക്കോര്‍ഡിനുമാണ്.

ചോദ്യപ്പേപ്പര്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നത് പരീക്ഷ പൂര്‍ണമായി നിഷ്പക്ഷവും കുറ്റമറ്റതുമാക്കാന്‍ സഹായിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രായോഗികത ഉറപ്പാക്കാതെ ധൃതിപിടിച്ച് പുതിയ രീതി നടപ്പാക്കരുതെന്ന് അധ്യാപക സംഘടനയായ എന്‍ടിയു വകുപ്പുമന്ത്രിക്കു നിവേദനം നല്‍കി. പരീക്ഷാ ചുമതല വഹിക്കുന്ന കണക്ക് അധ്യാപകര്‍ക്ക് പരിശീലനം പോലും ലഭിച്ചിട്ടില്ലെന്നും എന്‍ടിയു പ്രസിഡന്റ് പി.എ സ്.ഗോപകുമാര്‍ ചൂണ്ടിക്കാട്ടി.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *