‘പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവരെയും കള്ളവാര്‍ത്ത കൊടുത്തവരെയും കൈകാര്യം ചെയ്യും’ ; കെ സുരേന്ദ്രന്‍
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രസ്ഥാനത്തെ അപമാനിക്കാന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്നും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവരെയും കള്ളവാര്‍ത്ത കൊടുത്തവരെയും കൈകാര്യം ചെയ്യുമെന്നുമായിരുന്നു സുരേന്ദ്രന്റെ ഭീഷണി. പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ബിജെപിയില്‍ പൊട്ടിത്തെറി രൂക്ഷമായ വേളയിലാണ് സുരേന്ദ്രന്റെ ഭീഷണി. അതിനിടെ പാലക്കാട്ടെ ബിജെപിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ മറയാക്കി നഗരസഭയിലെ അസംതൃപ്തരായ ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലെത്തിക്കാന്‍ സന്ദീപ് വാര്യര്‍ നീക്കം തുടങ്ങി.
പാലക്കാട്ടെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിസന്നദ്ധത അറിയിച്ചായിരുന്നു ആദ്യം സുരേന്ദ്രന്‍ വിമര്‍ശനങ്ങളെ നേരിട്ടത്. കേന്ദ്രം തുടരാന്‍ നിര്‍ദ്ദേശിച്ചതോടെ പിന്നെ മാധ്യമപ്രവര്‍ത്തകര്‍ക്കായി പഴി. ഇന്നലെ പരിഹാസമെങ്കില്‍ ഇന്ന് ഭീഷണിയുടെ ലൈനാണ് സുരേന്ദ്രന്. പരസ്യവിമര്‍ശനം പാടില്ലെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. അതൃപ്തരായ സംസ്ഥാന നേതാക്കളുമായി കേന്ദ്ര നേതൃത്വം അടുത്തമാസം ആദ്യം ചര്‍ച്ച നടത്തും.
അതേസമയം പരസ്യവിമര്‍ശനം ഉന്നയിച്ച ശിവരാജനോടും പ്രമീള ശശിധരനോടും വിശദീകരണം ചോദിക്കാന്‍ പാര്‍ട്ടിക്ക് ശ്രമമുണ്ട്. പക്ഷെ പാലക്കാട് എന്തെങ്കിലും നടപടി വന്നാല്‍ അസംതൃപ്തര്‍ മറുകണ്ടം ചാടുമോ എന്ന പേടിയും പാര്‍ട്ടിക്കുണ്ട്. നഗരസഭയിലെ അസംതൃപ്തരായ കൗണ്‍സിലര്‍മാരുമായി സന്ദീപ് വാര്യര്‍ ചര്‍ച്ച നടത്തുന്നുണ്ട്. വെറുപ്പിന്റെ പ്രത്യയശാസ്ത്രം തള്ളിപ്പറയുന്നവര്‍ രാഷ്ട്രീയമായി അനാഥരാകില്ലെന്ന സന്ദീപിന്റെ പോസ്റ്റ് അമര്‍ഷമുള്ളവര്‍ക്കുള്ള സന്ദേശമാണ്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..