ശബരിമലയില്‍ ആദ്യ 12 ദിവസത്തെ വരുമാനം 63 കോടിയിലേറെ ; കഴിഞ്ഞ തവണത്തേക്കാള്‍ 15 കോടി അധികമെന്ന് ദേവസ്വം പ്രസിഡന്റ്
പത്തനംതിട്ട: മണ്ഡല മാസം ആരംഭിച്ചത് മുതല്‍ ഇക്കുറി ശബരിമലയില്‍ വരുമാനത്തില്‍ വന്‍ വര്‍ധനവെന്ന് ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്. ആദ്യ 12 ദിവസത്തെ വരുമാനത്തിന്റെ കാര്യത്തില്‍ ഇക്കുറി വലിയ വര്‍ധനവുണ്ടെന്നാണ് ദേവസ്വം പ്രസിഡന്റ് വിവരിച്ചത്. കഴിഞ്ഞ വര്‍ഷം ആദ്യ 12 ദിവസത്തെ വരുമാനം 47,12,01,536 ( നാല്‍പത്തി ഏഴ് കോടി പന്ത്രണ്ടു ലക്ഷത്തി ആയിരത്തി അഞ്ഞൂറ്റി മുപ്പത്തിയാറ് ) രൂപയായിരുന്നു. എന്നാല്‍ ഇത്തവണ ആദ്യ 12 ദിവസം 63,01,14,111( അറുപത്തി മൂന്ന് കോടി ഒരു ലക്ഷത്തി പതിനാലായിരത്തി ഒരുന്നൂറ്റി പതിനൊന്ന് ) രൂപയാണ് ലഭിച്ചിരിക്കുന്നത്. 15,89,12,575 ( പതിനഞ്ച് കോടി എണ്‍പത്തി ഒന്‍പത് ലക്ഷത്തി പന്ത്രണ്ടായിരത്തി അഞ്ഞൂറ്റി എഴുപത്തി അഞ്ച് ) രൂപയുടെ അധിക വരുമാനം ലഭിച്ചെന്നാണ് ശബരിമല തീര്‍ത്ഥാടന അവലോകന യോഗത്തിന് ശേഷം ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം ഇത്തവണ ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആയതുകൊണ്ട് തന്നെ സന്നിധാനത്തേക്കെത്തുന്ന അയ്യപ്പന്‍മാരുടെ എണ്ണം കുറവാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിനിടയിലാണ് ഇപ്പോള്‍ 12 ദിവസത്തെ വരുമാനത്തിന്റെ കണക്ക് ദേവസ്വം പുറത്തുവിട്ടത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..