തൃശൂര്‍ പൂരം എങ്ങനെ നടത്തുമെന്നതില്‍ ആശങ്ക; വായ്മൂടിക്കെട്ടി പ്രതിഷേധിച്ച് പൂരപ്രേമി സംഘം
തൃശൂര്‍: ആനയെഴുന്നള്ളിപ്പില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതോടെ തൃശൂര്‍ പൂരം എങ്ങനെ നടക്കുമെന്ന കാര്യത്തില്‍ പൂരപ്രേമികള്‍ ആശങ്കയിലാണ്. അതുകൊണ്ടുതന്നെ ആന എഴുന്നള്ളിപ്പിനെ തകര്‍ക്കുന്ന നടപടികള്‍ അവസാനിപ്പിക്കുക, ആചാര സംരക്ഷണത്തിന് സര്‍ക്കാര്‍ നിയമം നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തൃശൂരില്‍ പൂരപ്രേമി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വായ്മൂടി കെട്ടി പ്രതിഷേധം നടന്നു. തൃശൂര്‍ പൂരത്തിന്റെ തെക്കോട്ട് ഇറക്കം നടക്കുന്ന തെക്കേഗോപുര പ്രദക്ഷിണ വഴിയിലാണ് വെള്ളിയാഴ്ച വൈകീട്ട് പ്രതിഷേധം നടത്തിയത്.
Also Read; നാട്ടിലെ ബിഎസ്എന്‍എല്‍ സിം ഇനി യുഎഇയിലും ഉപയോഗിക്കാം
ആനയുടെ നെറ്റിപ്പട്ടം ഏന്തിയായിരുന്നു പ്രതിഷേധം. ആനയെഴുന്നള്ളിപ്പിന് ഹൈക്കോടതി കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതോടെ പൂരം നടത്തിപ്പ് ഏറക്കുറേ അസാധ്യമായിരിക്കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. തൃപ്പൂണിത്തിറ ഉത്സവത്തില്‍ പഞ്ചാരിമേളം ഒരുമണിക്കൂറില്‍ അവസാനിപ്പിക്കേണ്ടിവന്നത് ആനയെഴുന്നള്ളിപ്പ് നിയന്ത്രണം മൂലമാണ്. ഇത് മേളാസ്വാദകരെ നിരാശപ്പെടുത്തിയെന്നും ആചാരങ്ങള്‍ സംരക്ഷിക്കപ്പെടുന്നതുവരെയും സമരവഴിയില്‍ തുടരുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
പ്രതിഷേധത്തില്‍ പൂരപ്രേമി സംഘം പ്രസിഡന്റ് ബൈജു താഴെക്കാട് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ വിനോദ് കണ്ടെങ്കാവില്‍, സെക്രട്ടറി അനില്‍കുമാര്‍ മോച്ചാട്ടില്‍, നന്ദന്‍ വാകയില്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് തെക്കേ ഗോപുരനടയില്‍ പ്രതീകാത്മക പൂരം നടത്തിയും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































