ജി സുധാകരനെ വീട്ടിലെത്തി സന്ദര്‍ശിച്ച് കെ സി വേണുഗോപാല്‍ ; സൗഹൃദ സന്ദര്‍ശനമെന്ന് നേതാക്കള്‍
ആലപ്പുഴ: ആലപ്പുഴയിലെ ഏരിയ സമ്മേളനത്തില്‍ നിന്നും പൂര്‍ണമായി മാറ്റിനിര്‍ത്തപ്പെട്ട ജി സുധാകരനെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വീട്ടിലെത്തി കണ്ടു. ജി സുധാകരനുമായുള്ള ഈ കൂടിക്കാഴ്ച തീര്‍ക്കും സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നാണ് കെ സി വേണുഗോപാലുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സ്വന്തം വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ നടന്ന ഏരിയാ സമ്മേളനത്തില്‍ പോലും തീര്‍ത്തും ഒഴിവാക്കപ്പെട്ടതോടെ പാര്‍ട്ടിയുമായി അതൃപ്തിയിലാണ് ജി സുധാകരന്‍. ഈ സാഹചര്യത്തിലാണ് സന്ദര്‍ശനം. പുന്നപ്ര പറവൂരിലെ സുധാകരന്റെ വസതിയില്‍ എത്തിയാണ് കെ സി വേണുഗോപാല്‍ അദ്ദേഹത്തെ കണ്ടത്.
Also Read ; അയ്യപ്പസ്വാമിയുടെ പ്രസാദം ഇനി വീട്ടിലെത്തും
സന്ദര്‍ശനത്തിന് ശേഷം പ്രതികരിച്ച കെസി വേണുഗോപാല്‍ തങ്ങള്‍ ഇടയ്ക്കിടയ്ക്ക് കാണാറുണ്ടെന്നും ഇത് സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നും പറഞ്ഞു. രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം താന്‍ അതൃപ്തനാണെന്ന് ആരാണ് പറഞ്ഞതെന്നായിരുന്നു കെസി വേണുഗോപാലിന്റെ സന്ദര്‍ശനത്തിന്റെ പിന്നാലെയുള്ള ജി സുധാകരന്റെ ചോദ്യം. തങ്ങള്‍ ദീര്‍ഘകാലം നിയമസഭയില്‍ ഒരുമിച്ചുണ്ടായിരുന്നവരാണ്.
അതേസമയം സുധാകരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പ് സിപിഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് വോട്ട് ചോര്‍ച്ചയുള്ളതായി വേണുഗോപാല്‍ വിമര്‍ശിച്ചിരുന്നു. സിപിഎം കോട്ടകളില്‍ ബിജെപി വോട്ട് കൂടിയെന്നും അവര്‍ക്കിടയില്‍ നിന്നാണ് ചോര്‍ച്ച ഉണ്ടായതെന്നും പറഞ്ഞ അദ്ദേഹം അത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും പറഞ്ഞിരുന്നു. സിപിഎം ആഭ്യന്തര കാര്യത്തില്‍ ഇടപെടുന്നില്ല. ചോര്‍ച്ച ഇല്ലാതെ നോക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. ഞങ്ങളുമായി ഡീല്‍ ഉണ്ടെന്നായിരുന്നു ആരോപണം. പക്ഷെ ആളുകള്‍ പോകുന്നത് അവരുടെ കൂട്ടത്തില്‍ നിന്നാണ്. അക്കാര്യം ശ്രദ്ധിക്കേണ്ടത് അവരാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..