#kerala #Top Four

കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു ; ശിശുക്ഷേമ സമിതിയിലെ ആയമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയില്‍ രണ്ടരവയസുള്ള കുഞ്ഞിനോട് ക്രൂരത. കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു. സംഭവത്തില്‍ ശിശുക്ഷേമ സമിതിയിലെ 3 ആയമാരെ പോലീസ് അറസ്റ്റ് ചെയ്തു. കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് കുട്ടിയെ ഉപദ്രവിച്ചതെന്നാണ് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി പോലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. ആയമാരായ അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചു വച്ചതിനുമാണ് കേസ്. അജിത എന്ന ആയയാണ് കുഞ്ഞിനെ മുറിവേല്‍പ്പിച്ചത്. മറ്റ് രണ്ടുപേര്‍ ഇക്കാര്യം അറിഞ്ഞിട്ടും മറച്ചുവെച്ചെന്നാണ് വിവരം.

Also Read ; മോഷ്ടാവ് ക്യാമറ തിരിച്ചുവെച്ചത് പോലീസിന് ഗുണമായി, കഷണ്ടി കണ്ടതോടെ ആളെ മനസിലായി, വളപട്ടണം മോഷ്ടാവിനെ കണ്ട് നാട്ടുകാരും വീട്ടുകാരും ഞെട്ടിയതിങ്ങനെ…

ശിശുക്ഷേമ സമിതിയില്‍ 103 ആയമാരാണ് ഉള്ളത്. ഈ ആയമാരെല്ലാം കരാര്‍ ജീവനക്കാരാണ്. പ്രതികളായ മൂന്ന് പേരും വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്യുന്നവരാണ്. സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടന്‍ വിവരം ശിശുക്ഷേമ സമിതി പോലീസിന് കൈമാറി. കുട്ടിയെ വൈദ്യചികിത്സയ്ക്ക് വിധേയമാക്കി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മ്യൂസിയം പോലീസ് കുട്ടിയെ സ്ഥിരമായി പരിചരിക്കുന്ന ആയമാരെ ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ കുറ്റസമ്മതം നടത്തിയെന്ന് പോലീസ് പറയുന്നു.

അമ്മ മരിച്ചതിന് പിന്നാലെ അച്ഛനും ജീവനൊടുക്കിയതോടെയാണ് അഞ്ച് വയസുകാരിയെയും രണ്ടര വയസുകാരിയെയും ശിശുക്ഷേമ സമിതിയില്‍ എത്തിച്ചത്. രണ്ടര വയസുകാരി സ്ഥിരമായി കിടക്കയില്‍ മൂത്രമൊഴിക്കാറുണ്ട്. ഇതിന്റെ പേരില്‍ കുട്ടിയുടെ ശരീരത്തില്‍ നഖം പതിപ്പിച്ച് നുള്ളി മുറിവേല്‍പ്പിച്ചു. ഒപ്പം മുന്നില്‍ കുട്ടിയുടെ ജനനേന്ദ്രിയത്തിലും നുള്ളി മുറിവേല്‍പ്പിച്ചു. മുറിവുകള്‍ സാരമുള്ളതല്ലെന്നും പരിഭ്രാന്തി പരത്തരുതെന്നും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ ഗോപി പറഞ്ഞു.

സ്ഥിരമായി കുട്ടിയെ പരിചരിച്ച ആയമാരാണ് അറസ്റ്റിലായത്. ഒരു ദിവസം നാലാമതൊരാള്‍ കുട്ടിയെ പരിചരിക്കാനെടുത്തപ്പോഴാണ് കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റത് ശ്രദ്ധയില്‍പെട്ടത്. പിന്നാലെ വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ നഖം കൊണ്ട് നുള്ളിയ ചെറിയ പാടുകളാണ് ഉള്ളതെന്നും ജി എല്‍ അരുണ്‍ ഗോപി പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *