#kerala #Top Four

എഡിജിപി എം ആര്‍ അജിത് കുമാറിനെ ചോദ്യം ചെയ്ത് വിജിലന്‍സ് ; റിപ്പോര്‍ട്ട് രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കും

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെ ചോദ്യം ചെയ്ത് വിജിലന്‍സ്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് വിജിലന്‍സ് ആറ് മണിക്കൂര്‍ അജിത് കുമാറിനെ ചോദ്യം ചെയ്തത്. ആഢംബര വീട് നിര്‍മാണം, കള്ളക്കടത്ത് സ്വര്‍ണം തിരിമറി, മലപ്പുറം എസ്പിയുടെ വസതിയിലെ മരംമുറി ഉള്‍പ്പെടെയുള്ള പരാതികളിലാണ് അന്വേഷണം. ഇതുസംബന്ധിച്ച് രണ്ടാഴ്ചക്കുള്ളില്‍ വിജിലന്‍സ് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിജിലന്‍സ് എസ് പി കെ എല്‍ ജോണിക്കുട്ടി, ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

അതേസമയം അന്‍വര്‍ നല്‍കിയ പരാതിയിന്‍മേല്‍ തന്റെ വാദം തെളിയിക്കാനുള്ള രേഖകള്‍ അജിത് കുമാര്‍ അന്വേഷണ സംഘത്തിന് കൈമാറി. എന്നാല്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ അജിത്കുമാറിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യും.വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് നടന്നു കയറിയ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്നത് കഴിഞ്ഞ സെപ്റ്റംബറിലാണ്. എം ആര്‍ അജിത് കുമാറിനെതിരെ പി വി അന്‍വര്‍ എം എല്‍ എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിയിരുന്നു അന്വേഷണം.ആര്‍ എസ് എസ് നേതാക്കളുമായുള്ള സ്വകാര്യക്കൂടിക്കാഴ്ച വിവാദം കത്തിനില്‍ക്കുമ്പോഴാണ് അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളും ഉയര്‍ന്നത്.

മലപ്പുറം മുന്‍ എസ് പി സുജിത് ദാസ്, മലപ്പുറത്തെ ഡാന്‍സാഫ് ടീം എന്നിവരും അന്വേഷണ പരിധിയിലുണ്ട്. കവടിയാറില്‍ ആഡംബര ബംഗ്ലാവ് നിര്‍മാണം, കുറവന്‍കോണത്ത് ചട്ടങ്ങള്‍ ലംഘിച്ച് ഫ്‌ലാറ്റ് വാങ്ങല്‍, മലപ്പുറം എസ് പിയുടെ വസതിയിലെ മരം മുറിച്ച് കടത്തല്‍, കള്ളക്കടത്ത് സ്വര്‍ണം മുക്കി എന്നിവയായിരുന്നു പ്രധാന ആരോപണങ്ങള്‍. പി വി അന്‍വറിന്റെയും സാക്ഷികളുടെയും മൊഴി എടുത്ത ശേഷമായിരുന്നു ഒരാഴ്ച മുമ്പ് എഡിജിപി എം ആര്‍ അജിത് കുമാറിനെ തിരുവനന്തപുരത്ത് ചോദ്യം ചെയ്തത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *