#kerala #Top Four

ശബരിമല ആരാധനയ്ക്കുള്ള സ്ഥലം; ഡോളി സമരത്തെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ ഡോളി തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ആരാധനയ്ക്കുള്ള സ്ഥലമാണ് ശബരിമലയയെന്നും അവിടെ ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് പറഞ്ഞു. ഭാവിയില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ചീഫ് പൊലീസ് കോ ഓര്‍ഡിനേറ്ററും ദേവസ്വം ബോര്‍ഡും ശ്രദ്ധിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.

Also Read; മധു മുല്ലശ്ശേരി ബിജെപിയില്‍ ചേര്‍ന്നു, പാര്‍ട്ടിയില്‍ ചേരുന്നവരെ ബിജെപി സംരക്ഷിക്കും : കെ സുരേന്ദ്രന്‍

ശബരിമലയില്‍ പ്രീ പെയ്ഡ് ഡോളി സര്‍വീസ് തുടങ്ങിയതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ 11 മണിക്കൂര്‍ പണിമുടക്കിയിരുന്നു. തുടര്‍ന്ന്, ശബരിമല എഡിഎമ്മുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. ഡോളി ജീവനക്കാര്‍ക്ക് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അവ മണ്ഡലകാലം തുടങ്ങുന്നതിനു മുന്‍പ് ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് വേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡോളി സര്‍വീസിന് തുക നിശ്ചയിച്ചിട്ടുണ്ട്. പലരും ദിവസങ്ങളും ആഴ്ചകളുമെടുത്താണ് ശബരിമലയില്‍ വരുന്നത്. ചിലര്‍ കടം വാങ്ങിയും മറ്റും വരുന്നുണ്ട്. പ്രായമായവരും നടക്കാന്‍ വയ്യാത്തവരും രോഗികളുമൊക്കെ ഇങ്ങനെ വരുമ്പോള്‍ ഡോളി സര്‍വീസ് കിട്ടിയില്ലെങ്കില്‍ എന്തു ചെയ്യുമെന്ന് കോടതി ചോദിച്ചു. തീര്‍ഥാടകരെ കൊണ്ടു പോകില്ലെന്ന് പറയുന്നതോ ഇറക്കി വിടുന്നതോ അനുവദിക്കാന്‍ സാധിക്കില്ല. തീര്‍ഥാടകര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് സൗകര്യം ഒരുക്കാനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരടക്കം ഒട്ടേറെപ്പേര്‍ പരിമിതമായ സൗകര്യങ്ങളില്‍ സ്‌പെഷല്‍ ഡ്യൂട്ടി ചെയ്യുന്നുണ്ട്. അപ്പോഴാണ് അവിടെ പണിമുടക്ക് നടത്തിയിരിക്കുന്നത്. ശബരിമല അത്തരം കാര്യങ്ങള്‍ക്കുള്ള സ്ഥലമല്ല. ഡോളി സര്‍വീസ് നിഷേധിക്കുന്നത് വഴി ഭക്തര്‍ക്ക് ആരാധനയ്ക്കുള്ള സ്വാതന്ത്ര്യമാണ് തടസപ്പെടുന്നതെന്നും കോടതി പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *