December 11, 2024
#kerala #Top Four

ഫോട്ടോ മാറിപ്പോയി, എളുപ്പത്തില്‍ ചീത്തപ്പേര് ഉണ്ടാക്കി തന്ന മനോരമയ്‌ക്കെതിരെ നടന്‍ മണികണ്ഠന്‍ ആചാരി

കഴിഞ്ഞ ദിവസം മനോരമ പത്രം പുറത്തുവിട്ട വാര്‍ത്തയില്‍ തന്റെ ചിത്രം തെറ്റായി നല്‍കിയതിനെതിരെ നിയമനടപടിക്കൊരുങ്ങി നടന്‍ മണികണ്ഠന്‍ ആചാരി. ‘അനധികൃത സ്വത്ത് സമ്പാദന കേസ് ; നടന്‍ മണികണ്ഠന് സസ്‌പെന്‍ഷന്‍’എന്ന വാര്‍ത്തയിലാണ് നടന്‍ മണികണ്ഠന്‍ ആചാരിയുടെ ഫോട്ടോ മനോരമ നല്‍കിയത്. മനോരമയുടെ മലപ്പുറം എഡിഷനിലാണ് സംഭവമുണ്ടായത്. യഥാര്‍ത്ഥിത്തില്‍ കെ മണികണ്ഠന്റെ ഫോട്ടോയാണ് കൊടുക്കേണ്ടത്. എന്നാല്‍ അതിന് പകരമായിട്ടാണ് മണികണ്ഠന്‍ ആചാരിയുടെ ഫോട്ടോ നല്‍കിയത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടന്‍ അറിയിച്ചു.സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം താരം അറിയിച്ചിരിക്കുന്നത്.

Also Read ; സാങ്കേതിക തകരാര്‍ ; വന്ദേഭാരത് വഴിയില്‍ കിടന്നത് 3 മണിക്കൂര്‍ , പിന്നീട് സ്റ്റേഷനിലെത്തിച്ചു

വേണ്ടത്ര ശ്രദ്ധയില്ലാതെ വാര്‍ത്ത നല്‍കിയ മലയാള മനോരമയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനമുയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് മണികണ്ഠന്‍ ആചാരി മനോരമയ്ക്കെതിരെ രംഗത്തെത്തിയത്. അടുത്ത മാസം ചെയ്യേണ്ട തമിഴ് സിനിമയുടെ കണ്‍ട്രോളര്‍ തന്നെ വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞതെന്ന് മണികണ്ഠന്‍ പറഞ്ഞു.

മനോരമക്ക് എന്റെ പടം കണ്ടാല്‍ അറിയില്ലേ. മനോരമക്ക് അറിയാത്ത ഒരാളാണോ ഞാനെന്ന് സംശയിക്കുന്നു. ഫോട്ടോ ദുരുപയോഗം ചെയ്തത് വളരെയധികം ബാധിച്ചു. അടുത്ത മാസം ചെയ്യേണ്ട തമിഴ് സിനിമയുടെ കണ്‍ട്രോളര്‍ എന്നെ വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. നിങ്ങള്‍ അറസ്റ്റിലായെന്ന് കേരളത്തിലെ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞു. അവര്‍ക്ക് വിളിക്കാന്‍ തോന്നിയത് കൊണ്ട് മനസ്സിലായി അത് ഞാനല്ലെന്ന് -മണികണ്ഠന്‍ പറഞ്ഞു.

അയാള്‍ അറസ്റ്റിലായി വേറൊരാളെ കാസ്റ്റ് ചെയ്യാം എന്ന് അവര്‍ ആലോചിച്ചിരുന്നെങ്കില്‍ എന്റെ അവസരവും നഷ്ടപ്പെട്ടേനെ. ഇനിയെത്ര അവസരം നഷ്ടപ്പെടുമെന്ന് അറിയില്ല. നിയമപരമായി മുന്നോട്ടുപോകും. ജീവിതത്തില്‍ ഇതുവരെ ഒരു ചീത്തപ്പേരും ഉണ്ടാക്കിയിട്ടില്ല. അതുണ്ടാക്കാതിരിക്കാനുള്ള ജാഗ്രത എന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ഉണ്ട്. വളരെ എളുപ്പത്തില്‍ എനിക്കൊരു ചീത്തപ്പേര് ഉണ്ടാക്കിത്തന്ന മനോരമക്ക് ഒരിക്കല്‍ കൂടി ഒരു നല്ല നമസ്‌കാരവും നന്ദിയും അറിയിക്കുന്നുവെന്ന് വീഡിയോയില്‍ മണികണ്ഠന്‍ പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

 

Leave a comment

Your email address will not be published. Required fields are marked *