വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പെന്ന് വാഗ്ദാനം; തട്ടിപ്പില്‍ വീഴരുതെന്ന് ശിവന്‍കുട്ടി
തൃശ്ശൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പ് നല്‍കുന്നുവെന്ന വാഗ്ദാനവുമായി വ്യാജന്മാര്‍ രംഗത്ത്. സര്‍ക്കാരിന്റെ മുദ്രയുപയോഗിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് എന്ന വിന്‍ഡോ നിര്‍മിച്ച അതിലൂടെയാണ് തട്ടിപ്പ് നടത്തുന്നത്. സ്‌കൂള്‍ ഗ്രൂപ്പുകളിലൂടെയും മറ്റും ഇതിന്റെ ലിങ്ക് വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.
രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കിടെ വ്യാപക പ്രചാരണമാണ് ഇതിന് ലഭിച്ചത്. ലിങ്ക് ക്ലിക്ക് ചെയ്യുന്ന ഉടനെ പൊതുവിദ്യാഭ്യാസ വകുപ്പ് എന്നെഴുതിയ വിന്‍ഡോ തുറന്നുവരും. പേര്, വിദ്യാഭ്യാസ യോഗ്യത, പ്രായം, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കിയാല്‍ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കും. തുടര്‍ന്ന് 15 പേര്‍ക്കോ അഞ്ചു ഗ്രൂപ്പുകളിലേക്കോ ഷെയര്‍ ചെയ്യാനാണ് ആവശ്യപ്പെടുന്നത്. ഇതു ഷെയര്‍ ചെയ്താല്‍ മാത്രമേ മുന്നോട്ടു പോകാനാകൂ. ഈ ലിങ്ക് ഇത്രവേഗത്തില്‍ പ്രചരിപ്പിക്കപ്പെട്ടതിന്റെ കാരണവും ഇതുതന്നെയാണ്. ഷെയര്‍ നിബന്ധനകള്‍ പൂര്‍ത്തിയാക്കുന്നതോടെ അപേക്ഷ പൂരിപ്പിക്കല്‍ 100 ശതമാനമായെന്ന് സ്‌ക്രീനില്‍ കാണിക്കും.
തുടര്‍ന്ന് വാലിഡേഷന്‍ ഒന്ന്, രണ്ട് എന്നിങ്ങനെ രണ്ട് ഓപ്ഷനുകള്‍ വരും.
ഒന്നില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കിട്ടുന്നില്ലെങ്കില്‍ രണ്ടില്‍ ശ്രമിക്കാമെന്ന നിര്‍ദേശവും സൈറ്റിലുണ്ട്. ഇതില്‍ ഏതില്‍ ക്ലിക്ക് ചെയ്താലും റമ്മിപോലുള്ള ഗെയിം സൈറ്റുകളിലേക്കാണ് അവസാനം എത്തിച്ചേരുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഇത്തരം വ്യാജപ്രചാരണത്തിന്റെ ലക്ഷ്യം എന്താണെന്ന കാര്യത്തില്‍ രക്ഷാകര്‍ത്താക്കളും വളരെ ആശങ്കയിലാണ്. വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്യുമോ എന്ന പേടി പലര്‍ക്കുമുണ്ട്. അതോ ഓണ്‍ലൈന്‍ കളികളിലേക്ക് കുട്ടികളെ പ്രേരിപ്പിക്കുകയാണോ ലക്ഷ്യമെന്ന ആശങ്കയുമുണ്ട്.
വിദ്യാഭ്യാസവകുപ്പിന്റെ പേരില്‍ വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പുനടത്താനുള്ള ശ്രമമാണിതെന്ന് മന്ത്രി വി ശിവന്‍കുട്ടിയുടെ പോസ്റ്റില്‍ പറയുന്നു. ഇതിനെതിരേ ഡി.ജി.പി.ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രിഅറിയിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..