സാങ്കേതിക തകരാര്‍ ; വന്ദേഭാരത് വഴിയില്‍ കിടന്നത് 3 മണിക്കൂര്‍ , പിന്നീട് സ്റ്റേഷനിലെത്തിച്ചു
കൊച്ചി: കേരളത്തിലെ മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് അതിവേഗ യാതയ്‌ക്കൊപ്പം വഴിയില്‍ പിടിച്ചിടില്ല എന്ന പ്രത്യേകതയാണ് വന്ദേഭാരതിന്റെ പ്രധാന നേട്ടമായി കണക്കാക്കുന്നത്. എന്നാല്‍ ഇന്നലെ വന്ദേഭാരത് കാസര്‍ഗോഡ് – തിരുവനന്തപുരം സര്‍വീസ് യാത്ര മൂന്ന് മണിക്കൂറാണ് വൈകിയത്. സാങ്കേതിക തകരാര്‍ മൂലം വന്ദേഭാരത് മൂന്ന് മണിക്കൂര്‍ പെരുവഴിയിലായി. ആദ്യം ഷൊര്‍ണൂര്‍ സ്റ്റേഷന്‍ കഴിഞ്ഞുള്ള പാലത്തിനടുത്ത് കുടുങ്ങിക്കിടന്ന ട്രെയിന്‍ പിന്നീട് ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് അവിടെ പിടിച്ചിടുകയായിരുന്നു. പ്രശ്‌നം പരിഹരിച്ച് വണ്ടിയെടുത്തപ്പോഴേക്ക് മൂന്ന് മണിക്കൂറാണ് വൈകിയത്.
Also Read ; കേരളത്തില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും തൃശൂരിലേക്ക് യാത്ര തിരിച്ച ട്രെയിന്‍ ഷൊര്‍ണൂര്‍ പാലത്തിന് സമീപമെത്തിയപ്പോഴാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ട്രെയിന്‍ പിടിച്ചിടുകയായിരുന്നു. മണിക്കൂറുകളോളം ഈ പാലത്തിനടുത്ത് നിന്ന ട്രെയിന്‍ പിന്നീട് സ്റ്റേഷനിലേക്ക് തിരികെ എത്തിച്ചു. തുടര്‍ന്ന് മറ്റൊരു എഞ്ചിന്‍ കൊണ്ടുവരുന്നത് വരെ കാത്തിരിക്കുകയായിരുന്നു. തുടര്‍ന്ന് പുതിയ എന്‍ജിന്‍ ഘടിപ്പിച്ചതിന് ശേഷമാണ് യാത്ര തുടര്‍ന്നത്.
വന്ദേഭാരത് പിടിച്ചിട്ടതോടെ മറ്റ് ട്രെയിനുകളുടെ സമയക്രമത്തെയും ബാധിച്ചു.5:30ന് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ 8:41 ഓടെയാണ് മറ്റൊരു എന്‍ജിന്‍ ഘടിപ്പിച്ച് യാത്ര തുടര്‍ന്നത്. മൂന്ന് മണിക്കൂര്‍ വൈകിയതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാര്‍ക്കായി അങ്കമാലിയില്‍ വന്ദേഭാരത് നിര്‍ത്തുകയും ചെയ്തു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..