പൂച്ചക്കാട് എം.സി അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതകം; അന്വേഷണം ജില്ലയ്ക്ക് പുറത്തേക്ക്, ജിന്നുമ്മ മുന്‍പ് ഹണിട്രാപ്പിലും പ്രതി
കാസര്‍കോട്: പ്രവാസി വ്യവസായി പൂച്ചക്കാട് എം.സി അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ കൊലക്കേസില്‍ അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കുന്നു. കാസര്‍കോട് ജില്ലയ്ക്ക് പുറത്തും സ്വര്‍ണ്ണം വിറ്റുവെന്ന പ്രതികളുടെ മൊഴിയേത്തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ബന്ധുക്കളായ 12 പേരില്‍നിന്നാണ് അബ്ദുള്‍ ഗഫൂര്‍ സ്വര്‍ണ്ണം ശേഖരിച്ച് പ്രതി കെ.എച്ച് ഷമീനയെന്ന ജിന്നുമ്മയ്ക്ക് മന്ത്രവാദത്തിനായി നല്‍കിയത്. എന്നാല്‍ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും സ്വര്‍ണ്ണം തിരിച്ചുനല്‍കാത്തത് ചോദ്യം ചെയ്തതാണ് അബ്ദുള്‍ ഗഫൂറിന്റെ കൊലപാതകത്തിന് കാരണമായത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മരിച്ച അബ്ദുള്‍ ഗഫൂര്‍ ഹാജിയില്‍നിന്ന് കൈക്കലാക്കിയ സ്വര്‍ണ്ണം ആഡംബര ജീവിതത്തിനും ഭൂമിയിടപാടിനും ഉപയോഗിച്ചുവെന്ന് പോലീസ് കണ്ടെത്തി. കാസര്‍കോട് ജില്ലയിലെ എട്ടോളം ജ്വല്ലറികളില്‍ സ്വര്‍ണ്ണം വിറ്റുവെന്നായിരുന്നു പ്രാഥമിക മൊഴിയെടുപ്പില്‍ പ്രതികള്‍ പറഞ്ഞത്. പിന്നീട് ജില്ലയ്ക്ക് പുറത്തുള്ള ജ്വല്ലറികളിലും സ്വര്‍ണ്ണം വിറ്റുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.
സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള ആളുകളെയാണ് ജിന്നുമ്മയും സംഘവും തട്ടിപ്പിനായി ലക്ഷ്യമിട്ടിരുന്നത്. ഇങ്ങനെയുള്ളവരെ കണ്ടെത്തി അവരുടെ കുടുംബപശ്ചാത്തലം ശേഖരിച്ച് ജിന്നുമ്മയ്ക്ക് കൈമാറും. ജിന്നുമ്മയാണ് കഷ്ടതകളില്‍നിന്ന് മോചിപ്പിച്ചതെന്ന് ഇരയാക്കാന്‍ കണ്ടെത്തിയ ആളോട് ഇവര്‍ പറയുകയും ചെയ്യും. ഇങ്ങനെ ജില്ലയുടെ പല സ്ഥലത്തുമുള്ള പണക്കാരുടെ വീടുകളില്‍ ഈ സംഘം തട്ടിപ്പ് നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കൂടാതെ ജിന്നുമ്മയ്ക്ക് നേരത്തെ ക്രിമിനല്‍ പശ്ചാത്തലമുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീരപ്രദേശത്തെ ഒരു പ്രവാസിയെ ഹണി ട്രാപ്പില്‍പെടുത്തി ആഭരണങ്ങളും പണവും തട്ടിയെടുത്ത കേസില്‍ 14 ദിവസം ഇവര്‍ ജയിലില്‍ കിടന്നിരുന്നു. അന്ന് ഒപ്പം നിന്നവരാണ് ഇപ്പോഴത്തെ തട്ടിപ്പ് സംഘത്തിലുമുള്ളതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.