മധു മുല്ലശ്ശേരിക്കെതിരെ പോലീസില്‍ പരാതി നല്‍കി സിപിഎം
തിരുവനന്തപുരം: ബിജെപിയില്‍ ചേര്‍ന്ന സിപിഎം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ പോലീസില്‍ പരാതി നല്‍കി സിപിഎം. സിപിഎം മംഗലപുരം ഏരിയാ സമ്മേളനത്തിനായി പിരിച്ച പണം തന്നില്ലെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്. ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കാണ് പുതിയ മംഗലപുരം ഏരിയാ കമിറ്റി പരാതി നല്‍കിയത്. മൂന്നര ലക്ഷം രൂപ കിട്ടാനുണ്ടെന്നാണ് പരാതിയില്‍ സിപിഎം പറയുന്നത്. അതേസമയം സിപിഎം തനിക്കാണ് പണം നല്‍കാനുള്ളതെന്നാണ് മധു മുല്ലശേരി പറയുന്നത്.
മംഗലപുരം ഏരിയാ സമ്മേളനങ്ങള്‍ക്കിടെ ഉണ്ടായ പൊട്ടിത്തെറിയിലാണ് മധുവും ജില്ലാ നേതൃത്വവും രണ്ടുവഴിക്കായത്. സാമ്പത്തിക ആരോപണങ്ങളും സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളും ഉന്നയിച്ച് ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ മധു മുല്ലശ്ശേരി ബിജെപിയില്‍ ചേരുകയായിരുന്നു. മകന്‍ മിഥുന്‍ മുല്ലശ്ശേരിക്കൊപ്പമാണ് മധു ബിജെപിയില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെ സംഘടനാ വീഴ്ചകള്‍ സംബന്ധിച്ചും സാമ്പത്തിക തിരിമറികളെ കുറിച്ചും തലസ്ഥാന ജില്ലയിലെ പല മേഖലകളില്‍ നിന്നും പാര്‍ട്ടി ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതികള്‍ എത്തുന്നുണ്ട്. സര്‍വ്വീസ് സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളില്‍ തുടങ്ങി പാര്‍ടി ഫണ്ട് വിനിയോഗത്തിലെ വീഴ്ചകള്‍ വരെ സംബന്ധിച്ച പരാതികളില്‍ നേതൃത്വം സമയത്ത് ഇടപെടുന്നില്ലെന്ന പൊതുവിമര്‍ശനം സജീവമായി ഉയരുന്നുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..