റവന്യൂ വകുപ്പില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ച് ശ്രുതി
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി റവന്യൂ വകുപ്പിലെ ക്ലര്‍ക്ക് ആയി ജോലിയില്‍ പ്രവേശിച്ചു. വയനാട് കളക്ടറേറ്റിലെത്തിയാണ് ശ്രുതി ജോലിയില്‍ പ്രവേശിച്ചത്. ശ്രുതി റവന്യൂ വകുപ്പിലെ തപാല്‍ വിഭാഗത്തില്‍ ആയിരിക്കും ജോലി ചെയ്യുക. സര്‍ക്കാര്‍ ജോലിയുടെ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയ ശ്രുതി ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നറിയിച്ചു. ശ്രുതിയുടെ താല്പര്യം കണക്കിലെടുത്താണ് വയനാട് കളക്ടറേറ്റില്‍ തന്നെ നിയമനം നല്‍കിയത്.
‘എല്ലാവരോടും നന്ദിയുണ്ട്. മുന്നോട്ടുള്ള ജീവിതത്തിന് കൈത്താങ്ങായതില്‍ സന്തോഷമുണ്ട്. ഓരോരുത്തരേയും എടുത്തുപറയേണ്ട കാര്യമില്ല. എല്ലാവരും ഒരുപോലെ സഹായിച്ചിട്ടുണ്ട്. മന്ത്രി കെ രാജന്‍ അഭിനന്ദനം അറിയിച്ചിരുന്നു. ശരീരത്തിന് വിശ്രമം പറഞ്ഞിട്ടുണ്ട്. അധിക ദൂരം നടക്കാന്‍ പാടില്ലെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. ജോലിയ്ക്ക് വരുമെന്നും’ ശ്രുതി പറഞ്ഞു.
ചൂരല്‍മലയില്‍ പുതിയ വീടിന്റെ ഗൃഹപ്രവേശനം പൂര്‍ത്തിയാക്കി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്പോഴാണ് ഉരുള്‍പൊട്ടലുണ്ടായത്. ദുരന്തത്തില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ 9 പേരെ ശ്രുതിക്ക് നഷ്ടപ്പെട്ടു. പിന്നാലെ വാഹനാപകടത്തില്‍ പ്രതിശ്രുത വരന്‍ ജെന്‍സനും മരിച്ചു. അപകടത്തില്‍ പരിക്കേറ്റ ശ്രുതി ഇപ്പോള്‍ കല്‍പ്പറ്റയില്‍ ബന്ധുക്കളോടൊപ്പമാണ് കഴിയുന്നത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..