December 18, 2024
#Business #gulf

വിസ നിയമത്തില്‍ അടിമുടി മാറ്റവുമായി കുവൈത്ത് ; പ്രധാനപ്പെട്ട മാറ്റങ്ങള്‍ അറിയാം…

കുവൈത്ത് സിറ്റി: റെസിഡന്‍സി നിയമത്തില്‍ മാറ്റം വരുത്തി കുവൈത്ത്. 60 വര്‍ഷത്തിലേറെയായി രാജ്യത്ത് നിലനിന്നിരുന്ന റെസിഡന്‍സി നിയമമാണ് മാറ്റം വരുത്തി പുതിയ നിയമം അവതരിപ്പിച്ചിരിക്കുന്നത്. പുതിയ നിയമത്തിലൂടെ രാജ്യത്തിന്റെ ഇമിഗ്രേഷന്‍ നയം നവീകരിക്കാനും വിസ വ്യാപാരം, കുടിയേറ്റ തൊഴിലാളികളുടെ ചികിത്സ തുടങ്ങിയ ദീര്‍ഘകാല പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് ലക്ഷ്യമിടുന്നത്. നവംബര്‍ 28നാണ് പുതിയ നിയമം ഭരണകൂടം അവതരിപ്പിച്ചത്.

Also Read ; സീരിയല്‍ ഷൂട്ടിംഗ് സംഘത്തിന്റെ വാഹനങ്ങള്‍ തകര്‍ത്ത് പടയപ്പ; ഒഴിവായത് വന്‍ ദുരന്തം

പുതിയ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം കുവൈത്തി സ്ത്രീകളുടെ കുട്ടികള്‍ക്ക് പത്ത് വര്‍ഷത്തെ റെസിഡന്‍സി നല്‍കുമെന്നതാണ്. കുവൈത്ത് പൗരത്വം നേടാത്ത കാലത്തോളം ഫീസ് നല്‍കാതെ ഈ റെസിഡന്‍സി പെര്‍മിറ്റ് പുതുക്കാവുന്നതാണ്. മെഡിക്കല്‍, വിദ്യാഭ്യാസ ആവശ്യത്തിനായി ഇവര്‍ രാജ്യത്തിന് പുറത്ത് ആറ് മാസത്തില്‍ കൂടുതല്‍ താമസിച്ചെന്ന കാരണത്താല്‍ ഈ റെസിഡന്‍സി പെര്‍മിറ്റ് നഷ്ടമാകില്ല.

അതുപോലെ തന്നെ വിസ കച്ചവടത്തിന്റെ പേരില്‍ നടക്കുന്ന ചൂഷണം തടയുന്നതിന് വേണ്ടിയും പുതിയ നിയമം നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നുണ്ട്. റെസിഡന്‍സി പെര്‍മിറ്റ്, വിസ പുതുക്കല്‍ എന്നിവ പണം ഈടാക്കി നല്‍കുന്നവര്‍ക്കെതിരെ കര്‍ശന പിഴ ചുമത്തും. തൊഴിലുടമകള്‍ക്ക് അവരുടെ യഥാര്‍ത്ഥ റിക്രൂട്ട്മെന്റ് ആവശ്യത്തിനല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് പ്രവാസികളെ നിയമിക്കുന്നതില്‍ നിന്ന് ഇപ്പോള്‍ വിലക്കുണ്ട്. ഇതുകൂടാതെ ശരിയായ അംഗീകാരമില്ലാതെ തൊഴിലാളികളെ മറ്റുള്ളവര്‍ ജോലിക്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ട ചുമതല അവര്‍ക്കാണ്.

പുതിയ നിയമത്തിലെ മറ്റ് പ്രധാനപ്പെട്ട മാറ്റങ്ങളില്‍ ഒന്ന് ഫാമിലി വിസയുമായി ബന്ധപ്പെട്ടതാണ്. ഫാമിലി വിസിറ്റ് വിസ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഫീസ് നിശ്ചയിക്കുന്നത് ആഭ്യന്തരമന്ത്രാലയമാണ്. പുതിയ ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള കാത്തിരിപ്പ് കാലാവധി മുന്‍ തൊഴിലാളി പോയതിന് ശേഷം നാല് മാസമായി കുറച്ചു. നേരത്തെ ഇത് ആറ് മാസമായിരുന്നു.

ആറ് മാസത്തിനുള്ളില്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് കുവൈത്ത് മന്ത്രാലയം അറിയിക്കുന്നത്. എല്ലാ താമസക്കാര്‍ക്കും ന്യായമായ പരിഗണന ഉറപ്പാക്കുന്നതിനൊപ്പം സുതാര്യതയ്ക്കും ഉത്തരവാദിത്തത്തിനും സര്‍ക്കാരിന് പ്രതിബദ്ധതയുണ്ടെന്ന് റെസിഡന്‍സി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അലി അല്‍ അദ്വാനി പറഞ്ഞു. പുതിയ നിയമങ്ങള്‍ ഉടന്‍ തന്നെ കുവൈത്തിന്റെ വിസ വെബ്സൈറ്റുകളില്‍ ലഭ്യമാകും.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *