കോന്നി അപകടം വേദനാജനകം; റോഡിന്റെ അപാകത ആണെങ്കില്‍ അത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും: കെ ബി ഗണേഷ് കുമാര്‍
പത്തനംതിട്ട: കോന്നിയില്‍ നാല് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം വേദനാജനകമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. അടുത്തിടെയായി അപകടങ്ങള്‍ വര്‍ധിക്കുകയാണ്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
‘കോന്നിയിലെ അപകടം വളരെ ദുഃഖകരമാണ്. ശബരിമല സീസണാണ്. നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. കാറിലെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് എംവിഡിയുടെയും പൊലീസിന്റെയും വിലയിരുത്തല്‍. വാഹനമോടിക്കുമ്പോള്‍ ഉറക്കം വന്നാല്‍ വണ്ടി നിര്‍ത്തിയിട്ട് ഉറങ്ങണം. വീട്ടില്‍ പോയി ഉറങ്ങാമെന്നൊന്നും കരുതരുത്. നമ്മുടെ അശ്രദ്ധ കൊണ്ടാണ് അപകടങ്ങള്‍ ഉണ്ടാവുന്നത്. എല്ലാവരും ശ്രദ്ധിക്കണം. അടുത്തിടെയായി അപകടങ്ങള്‍ വര്‍ധിക്കുന്നു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക ഡ്രൈവ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് മാത്രം അപകടം കുറയ്ക്കാന്‍ സാധിക്കില്ല. സ്വയം നിയന്ത്രണം കൂടി വേണം. റോഡിന്റെ അപാകത ആണെങ്കില്‍ അത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും. ശ്രദ്ധയോടെ വാഹനം ഓടിക്കുക എന്നതാണ് പ്രധാനം’, എന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
Also Read; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും
ഇന്ന് രാവിലെ നാല് മണിക്കാണ് നവ ദമ്പതികള്‍ അടക്കം ഒരു കുടുംബത്തിലെ നാല് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം നടന്നത്. തിരുവനന്തപുരത്ത് നിന്ന് മടങ്ങുകയായിരുന്ന കാര്‍ പുനലൂര്‍-മുവാറ്റുപുഴ സംസ്ഥാന പാതയില്‍ വെച്ച് മിനി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഹണിമൂണിന് പോയ മക്കളെ വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് കൂട്ടി തിരികെ വരികയായിരുന്നു. ദമ്പതികളും അവരുടെ അച്ഛന്മാരുമാണ് അപകടത്തില്‍ മരിച്ചത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 
























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































