December 18, 2024
#india #Top Four

പുഷ്പ 2 റിലീസിനിടെ മരിച്ച സ്ത്രീയുടെ മകന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ റിലീസ് ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീയുടെ മകന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. ഹൈദരബാദ് സ്വദേശിയായ ഒമ്പത് വയസുകാരന്‍ ശ്രീതേജിനാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. അപകടത്തിന് പിന്നാലെ കുട്ടി പൂര്‍ണമായും അബോധാവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടി ഇത്രയും ദിവസം ആശുപത്രിയിലുണ്ടായിരുന്നത്. തുടര്‍ന്നാണ് കുട്ടിയുടെ മസ്തിഷ്‌ക മരണം ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചത്.

ഹൈദരാബാദിലെ സന്ധ്യ തിയറ്ററില്‍ പ്രീമിയര്‍ ഷോയ്ക്ക് അല്ലു അര്‍ജുനും കുടുംബവും ഒപ്പം സിനിമാ സംഘവും എത്തിയിരുന്നു. ഇതോടെയുണ്ടായ തിക്കിലും തിരക്കിലുപ്പെട്ടാണ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (39) മരിച്ചത്. അപകടത്തില്‍ രേവതിയുടെ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും പരിക്കേറ്റിരുന്നു. ഒമ്പത് വയസുകാരന്റെ നില ഗുരുതരമായിരുന്നു.

അതേസമയം, അപകടത്തിന് പിന്നാലെ അല്ലു അര്‍ജുനെതിരെയും തിയേറ്റര്‍ ഉടമകള്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അല്ലു അര്‍ജുന്‍ നിലവില്‍ ജാമ്യത്തിലാണ്. എന്നാല്‍ അല്ലു ജാമ്യത്തിലിറങ്ങിയിട്ടും ആശുപത്രിയില്‍ കഴിയുന്ന കുട്ടിയെ കാണാന്‍ പോകാത്തതില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.

അതേസമയംകുട്ടിയെ കാണാന്‍ പോകാതിരുന്നത് നിയമപ്രശ്നങ്ങള്‍ മൂലമാണെന്ന് അല്ലു അര്‍ജുന്‍ വാര്‍ത്താക്കുറിപ്പിലുടെ അറിയിച്ചിരുന്നു. നിയമവിദഗ്ധര്‍ വിലക്കിയത് കൊണ്ട് മാത്രമാണ് കുട്ടിയെ കാണാന്‍ പോകാതിരുന്നതെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു. കേസ് നിലനില്‍ക്കുന്നതിനാല്‍ കുട്ടിയെ സന്ദര്‍ശിക്കുന്നത് സാക്ഷികളെ സ്വാധീനിക്കുന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെടും. കുട്ടിയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു. കുടുംബത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. സാധ്യമായാല്‍ എത്രയും പെട്ടെന്ന് കുട്ടിയെ കാണാന്‍ എത്തുമെന്നും അല്ലു അര്‍ജുന്‍ വ്യക്തമാക്കിയിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *