ക്യാരക്ടര്‍ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന മീന ഗണേഷ് ഓര്‍മയായി
പാലക്കാട്: നടി മീന ഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ഷൊര്‍ണൂര്‍ പി കെ ദാസ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. സിനിമയ്ക്ക് പുറമെ സീരിയല്‍, നാടകം എന്നീ മേഖലകളിലും ശ്രദ്ധേയമായ കൈയൊപ്പ് പതിപ്പിച്ചു. 200 ലേറെ സിനിമകളിലും 25 ഓളം സീരിയലുകളിലും നിരവധി നാടകങ്ങളിലും വേഷമിട്ടു.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, വാല്‍ക്കണ്ണാടി, നന്ദനം, മീശമാധവന്‍, നരന്‍ എന്നീ സിനിമകളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. സ്വാഭാവിക സംഭാഷണശൈലി കൊണ്ട് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമായിരുന്നു മീന ഗണേഷ്.
Also Read; അമ്മയുടെ മൃതദേഹം രഹസ്യമായി വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ ശ്രമം; മകന്‍ കസ്റ്റഡിയില്‍
തമിഴ് സിനിമകളില്‍ അഭിനയിച്ചിരുന്ന നടന്‍ കെ പി കേശവന്റെ മകളാണ് മീന ഗണേഷ്. സ്‌കൂള്‍ പഠനകാലത്ത് തന്നെ കലാരംഗത്ത് സജീവമായിരുന്നു. കൊപ്പം ബ്രദേഴ്‌സ് ആര്‍ട്ട്‌സ് ക്ലബ്ബിലൂടെ ആദ്യമായി നാടകത്തില്‍ വേഷമിട്ടു. കോയമ്പത്തൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളിലെ മലയാളി സമാജങ്ങളുടെ നാടകങ്ങളിലും വേഷമിട്ടു. പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എ എന്‍ ഗണേഷിനെയാണ് മീന വിവാഹം കഴിച്ചത്. 1971-ല്‍ ആയിരുന്നു വിവാഹം. കെപിഎസി, എസ്എല്‍പുരം സൂര്യസോമ, ചങ്ങനാശേരി ഗീഥ, കോട്ടയം നാഷണല്‍ തീയേറ്റേഴ്സ്, അങ്കമാലി പൗര്‍ണമി, തൃശൂര്‍ ഹിറ്റ്സ് ഇന്റര്‍നാഷണല്‍, കൊല്ലം ട്യൂണ, ചാലക്കുടി സാരഥി, തൃശൂര്‍ യമുന, അങ്കമാലി പൂജ എന്നിങ്ങനെ നിരവധി സമിതികളുടെ നാടകങ്ങളില്‍ അഭിനയിച്ചു.
പാഞ്ചജന്യം, ഫസഹ്, മയൂഖം, സിംഹാസനം, സ്വര്‍ണമയൂരം, ആയിരം നാവുള്ള മൗനം, രാഗം, കാലം, ഉമ്മിണിതങ്ക, പുന്നപ്ര വയലാര്‍, ഇന്ധനം, ഉഷപൂജ, ഒഥല്ലോ, സ്നേഹപൂര്‍വം അമ്മ, നിശാഗന്ധി, പ്രളയം, കാറ്റ് മാറി വീശി, സര്‍ച്ച് ലൈറ്റ്, പാലം അപകടത്തില്‍, ഭരതക്ഷേത്രം, രാജസൂയം, നോക്കുകുത്തികള്‍ തുടങ്ങിയ നാടകങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ അവതരിപ്പിച്ചു. ചാലക്കുടി സാരഥി തീയറ്റേഴ്‌സിനു വേണ്ടി നടന്‍ തിലകന്‍ സംവിധാനം ചെയ്ത ഫസഹ് എന്ന നാടകത്തില്‍ മീന ഗണേഷ് ചെയ്ത ‘കുല്‍സുമ്പി’ എന്ന കഥാപാത്രം ഏറെ കൈയടി നേടിക്കൊടുത്തു. ഗണേഷ് എഴുതിയ 20 ലേറെ നാടകങ്ങളില്‍ മീനയും ഗണേഷും ഒരുമിച്ച് അഭിനയിച്ചു. 1976 ല്‍ റിലീസായ മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള മീനയുടെ വരവ്. 1991 ലെ മുഖചിത്രം എന്ന ചിത്രത്തില്‍ പാത്തുമ്മ എന്ന കഥാപാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. സീരിയല്‍ സംവിധായകനായ മനോജ് ഗണേഷ്, സംഗീത എന്നിവരാണ്മക്കള്‍.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..