December 21, 2024
#Others

ഷഫീക്ക് വധശ്രമ കേസ് ; അച്ഛനും രണ്ടാനമ്മയും കുറ്റക്കാര്‍, 11 വര്‍ഷത്തിന് ശേഷം നീതി കിട്ടിയെന്ന് രാഗിണി

ഇടുക്കി: ഇടുക്കി കുമളിയില്‍ അഞ്ചു വയസുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. 11 വര്‍ഷത്തിന് ശേഷമാണ് കേസില്‍ ഇവര്‍ പ്രതികളാണെന്ന് കോടതി വിധിച്ചത്. അഞ്ച് വയസുകാരന്‍ ഷഫീക്കിനെയാണ് പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കേസില്‍ ഷഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവരാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്. ഇടുക്കി ഒന്നാംക്ലാസ് അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസിലെ പ്രതികളായ ഷെരീഫും അനീഷയും കുറ്റക്കാരാണെന്ന് വിധിച്ചത്. തന്റെ ഷെഫീക്കിന് നീതി കിട്ടിയെന്ന് ഷഫീക്കിനെ കഴിഞ്ഞ 11 വര്‍ഷമായി പരിചരിക്കുന്ന നഴ്‌സ് രാഗിണി പറഞ്ഞു. കോടതി വിധിയോട് വൈകാരികമായിട്ടായിരുന്നു രാഗിണിയുടെ പ്രതികരണം.

Also Read ; ചീഫ് സെക്രട്ടറിക്കും അഡീഷണല്‍ സെക്രട്ടറിക്കും വക്കീല്‍ നോട്ടീസ് അയച്ച് എന്‍ പ്രശാന്ത് ഐഎഎസ്

പരമാവധി ശിക്ഷ നല്‍കണം എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ തങ്ങള്‍ക്ക് കുട്ടികളുണ്ടെന്നും പരിഗണന വേണമെന്നും പ്രതികള്‍ കോടതിയില്‍ വാദിച്ചു. അനീഷക്കെതിരെ 307, ജെജെ ആക്ട പ്രകാരമുള്ള വകുപ്പുളും ചേര്‍ത്തിട്ടുണ്ട്. ഒന്നാം പ്രതി ഷരീഫിനെതിരെ 326 പ്രകാരം മാരകമായ മുറിവേല്‍പ്പിക്കല്‍ അടക്കം ചുമത്തിയിട്ടുണ്ട്. വൈകാതെ കേസില്‍ ഇരു പ്രതികള്‍ക്കുമുള്ള ശിക്ഷ കോടതി വിധിക്കും.

2013 ജൂലൈ 15നാണ് ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് കുഞ്ഞിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. ദൃക് സാക്ഷികളില്ലാതിരുന്ന കേസില്‍ മെഡിക്കല്‍ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും സഹായത്തോടെയാണ് പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ ഷഫീഖ് ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളര്‍ച്ചയെ സാരമായി ബാധിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *