‘രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാര്‍ത്ത ധനമന്ത്രി’; മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മോദി
ഡല്‍ഹി: മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാളായ ഡോ. മന്‍മോഹന്‍ സിങിന്റെ വേര്‍പാടില്‍ ഇന്ത്യ ദുഃഖിക്കുന്നുവെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രി എന്ന നിലയില്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചു. വര്‍ഷങ്ങളോളം നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക നയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ഏറെ ശ്രദ്ധേയമാണെന്ന് മോദി പറഞ്ഞു.
Also Read ; മന്‍മോഹന്‍ സിങിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം ; സംസ്‌കാരം നാളെ, രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം
ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെ 92ആം വയസ്സിലാണ് അദ്ദേഹത്തിന്റെ മരണം. 2004 മുതല്‍ 2014 വരെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിങ്. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരില്‍ ഒരാളായിരുന്നു. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഇപ്പോള്‍ ഓര്‍മ്മയാകുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാര്‍ത്ത ധനമന്ത്രിയായും ലൈസന്‍സ് രാജ് ഇല്ലാതാക്കിയ ധനമന്ത്രിയെന്നും പേരെടുത്ത അദ്ദേഹം സാമ്പത്തിക ഉദാരവത്കരണ നയങ്ങള്‍ നടപ്പാക്കിയതിലൂടെ ശ്രദ്ധേയനായി. ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം 5 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിങ്. 1932 സെപ്റ്റംബര്‍ 26ന് ഇപ്പോഴത്തെ പാകിസ്താനിലുള്ള പഞ്ചാബിലെ ഗാഹില്‍, സിഖ് കുടുംബത്തിലായിരുന്നു ജനനം. 1991ല്‍ നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയായി അപ്രതീക്ഷിതമായി എത്തിയ അദ്ദേഹം ന്യൂനപക്ഷ സമുദായത്തില്‍ നിന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ വ്യക്തിയുമാണ്. ആദ്യ സിഖ് മതസ്ഥനായ പ്രധാനമന്ത്രിയുമാണ്. 1998 മുതല്‍ 2004 വരെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്നീ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































