മന്‍മോഹന്‍ സിങിനോടുള്ള അനാദരവ് ; സംസ്‌കാര ചടങ്ങിനിടെ മുഖ്യമന്ത്രി ഹോട്ടല്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് വി ഡി സതീശന്‍
കൊച്ചി : മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ കേരളത്തിന്റെ മുഖ്യമന്ത്രി ഹോട്ടല്‍ സമുച്ചയത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തത് ശരിയായില്ലെന്ന് വി ഡി സതീശന്‍. കൊച്ചി വിമാനത്താവളത്തില്‍ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്.
Also Read ; നവീന്‍ ബാബുവിന്റെ മരണം ; പ്രശാന്തിന്റെ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു
പത്തു വര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങിന്റെ സംസ്‌കാര ചടങ്ങുകള്‍ ഡല്‍ഹിയില്‍ നടക്കുമ്പോള്‍, ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനിടെ കൊച്ചി വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയെ പോലെ ഒരാള്‍ വന്ന് ഔദ്യോഗിക പരിപാടി ഉദ്ഘാടനം ചെയ്തത് അനാദരവും അനൗചിത്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇത്തരം ഒരു ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കാന്‍ പാടില്ലായിരുന്നു. മന്‍മോഹന്‍ സിങ്ങിന്റെ മരണത്തോടനുബന്ധിച്ച് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പരിപാടി മാറ്റി വയ്ക്കണമെന്നും മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിക്കണമെന്നും വിമാനത്താവളം എംഡിയോട് ഇന്നലെ ആവശ്യപ്പെട്ടിരുന്നതാണ്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനാദരവ് ഉണ്ടായതില്‍ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തുന്നെന്നും സതീശന്‍ പറഞ്ഞു.
മന്‍മോഹന്‍സിങിന് വിട നല്‍കി രാജ്യം
ഡോ. മന്‍മോഹന്‍ സിങിന് വിട നല്‍കി രാജ്യം. മന്‍ മോഹന്‍ സിങിന്റെ മൃതദേഹം ഡല്‍ഹിയിലെ നിഗംബോധ്ഘട്ടില്‍ സംസ്‌കരിച്ചു. പൂര്‍ണ്ണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാന മന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ക്കൊപ്പം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ എന്നിവരും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. സിഖ് ആചാര പ്രകാരമായിരുന്നു സംസ്‌കാര ചടങ്ങുകള്‍.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































