മഞ്ചേരി ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഏഴാംക്ലാസുകാരി ജന്നത്തിന് ഇനി പാന്റും ഷര്‍ട്ടുമിട്ട് സ്‌കൂളില്‍ പോകാം

മഞ്ചേരി: മഞ്ചേരി ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഏഴാംക്ലാസുകാരി ജന്നത്ത് സമരവീരയ്ക്ക് ഇനി പാന്റും ഷര്‍ട്ടുമിട്ട് സ്‌കൂളില്‍ പോകാം. പി.ടി.എ നിശ്ചയിച്ച യൂണിഫോം തന്നെ ധരിക്കണമെന്ന സ്‌കൂള്‍ അധികൃതരുടെ നിലപാട് തിരുത്തി വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം പ്രത്യേക ഉത്തരവിറക്കുകയായിരുന്നു.
ആണ്‍കുട്ടികള്‍ക്ക് പാന്റും ഷര്‍ട്ടും പെണ്‍കുട്ടികള്‍ക്ക് ചുരിദാറും പാന്റും ഓവര്‍കോട്ടുമാണ് സ്‌കൂളിലെ യൂണിഫോം. സ്ലിറ്റ് ഇല്ലാത്ത സല്‍വാര്‍ ടോപ്പ് ധരിക്കുന്നതുവഴി തന്റെ മകള്‍ക്ക് ബസില്‍ കയറാനോ സ്വതന്ത്ര ചലനത്തിനോ സാധിക്കുന്നില്ലെന്നും ഓവര്‍കോട്ടിടുന്നത് ചൂടുകാലത്ത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി രക്ഷിതാവ് അഡ്വ. ഐഷ പി. ജമാല്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്ക് പരാതി നല്‍കിയിരുന്നു. ഇതു പരിശോധിച്ചാണ് ജന്നത്തിന് തന്റെ ഇഷ്ടപ്രകാരം ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ധരിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഇതില്‍ താത്പര്യമില്ലാത്തവര്‍ക്ക് പി.ടി.എ നിര്‍ദേശിച്ച രീതിയിലുള്ള യൂണിഫോം ധരിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Also Read; ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കാന്‍ അച്ഛനെ കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍
പെണ്‍കുട്ടികളുടെ യൂണിഫോംമാറ്റം സംബന്ധിച്ച പരാതി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സ്‌കൂള്‍ അധികൃതരെയും രക്ഷിതാക്കളെയും പരാതിക്കാരിയെയും വിദ്യാര്‍ഥിയെയും ഉള്‍പ്പെടുത്തി പ്രത്യേക യോഗം ചേര്‍ന്ന് ചര്‍ച്ചചെയ്തിരുന്നു. എന്നാല്‍ നിലവിലെ യൂണിഫോം മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു പി.ടി.എ നിലപാട് സ്വീകരിച്ചത്. തുടര്‍ന്നാണ് പി.ടി.എ കമ്മിറ്റിക്ക് തങ്ങളുടെ തീരുമാനം നടപ്പാക്കാനും ജന്നത്തിന് ഇഷ്ടപ്രകാരം പാന്റും ഷര്‍ട്ടും ധരിക്കാനും അനുവദിച്ച് വിദ്യാഭ്യാസ വകുപ്പ് പ്രശ്‌നം പരിഹരിച്ചത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..