നടന്‍ ദിലീപ് ശങ്കറിന്റെ മരണം; ആത്മഹത്യയല്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം
തിരുവനന്തപുരം: നടന്‍ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് സൂചന. നടന്‍ താമസിച്ചിരുന്ന മുറിയില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ദിലീപ് മുറിയില്‍ തലയിടിച്ച് വീണതായും സംശയമുണ്ട്. ആന്തരിക അവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മുറിയില്‍ നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികളും കരള്‍ രോഗത്തിനുള്ള മരുന്നും കണ്ടെത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.
Also Read; കോണ്‍ഗ്രസ് പ്രണബ് മുഖര്‍ജിയോട് അനാദരവ് കാട്ടിയിട്ടില്ലെന്ന് മകന്‍ അഭിജിത്ത്
ഇന്നലെ ഉച്ചയോടെയാണ് സിനിമാ – സീരിയല്‍ താരം എറണാകുളം തെക്കന്‍ ചിറ്റൂര്‍ മത്തശേരില്‍ തറവാട്ടില്‍ ദേവാങ്കണത്തില്‍ ദിലീപ് ശങ്കറിനെ (50) തിരുവനന്തപുരം നഗരത്തിലെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന്റെ ലക്ഷണങ്ങളൊന്നും മുറിയില്‍ കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും കന്റോണ്‍മെന്റ് പോലീസ് നേരത്തേ തന്നെ അറിയിച്ചിരുന്നു.
ഒരു സീരിയല്‍ ഷൂട്ടിംഗിനായി തിരുവനന്തപുരത്ത് എത്തിയ ദിലീപ് നാല് ദിവസം മുമ്പാണ് ഹോട്ടലില്‍ മുറിയെടുത്തത്. ഇടയ്ക്ക് രണ്ട് ദിവസം ഷൂട്ടിംഗ് ഇല്ലായിരുന്നു. ഷൂട്ടിംഗ് പുനഃരാരംഭിക്കുന്നത് സംബന്ധിച്ച വിവരമറിയിക്കാന്‍ സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍ നിരവധി തവണ വിളിച്ചിട്ടും ദിലീപ് ഫോണെടുത്തില്ല. ഇതേസമയം, മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ ഹോട്ടല്‍ അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി തുറന്ന് നോക്കിയപ്പോഴാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ചാപ്പാ കുരിശ്, നോര്‍ത്ത് 24 കാതം തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും ദിലീപ് ശങ്കര്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമേ ബിസിനസ് രംഗത്തും സജീവമായിരുന്നു ദിലീപ് ശങ്കര്‍. ചപ്പാത്തി, ദോശമാവ് തുടങ്ങിയ റെഡി ടു ഈറ്റ് വിഭവങ്ങളാണ് ഇദ്ദേഹത്തിന്റെ കമ്പനി വിപണിയിലെത്തിക്കുന്നത്. ഭാര്യ സുമയാണ് ബിസിനസ് കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന ദേവ, വിദ്യാര്‍ത്ഥിയായ ധ്രുവ് എന്നിവരാണ് മക്കള്‍.





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































