രാജേന്ദ്ര വിശ്വനാഥ് അര്‍ലെകര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

തിരുവനന്തപുരം: രാജേന്ദ്ര വിശ്വനാഥ് അര്‍ലെകര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്‌ററിസ് നിതി മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചടങ്ങില്‍ പങ്കെടുത്തു. ഇന്നലെ വൈകീട്ടാണ് അര്‍ലെകര്‍ കേരളത്തിലെത്തിയത്. വൈകീട്ട് വിമാനത്താവളത്തിലെത്തിയ അര്‍ലെകറെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്നാണ് സ്വീകരിച്ചത്.
Also Read ; ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊലൂഷന്‍സ് സിഇഒ ഷുഹൈബിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
കേരള ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനെ ബീഹാറിലേക്ക് നിയമിച്ചതിന് പിന്നാലെയാണ് ബീഹാര്‍ ഗവര്‍ണറായിരുന്ന അര്‍ലെകറെ കേരളത്തിലോട്ട് നിയോഗിച്ചത്. 1980കള്‍ മുതല്‍ സജീവ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകനായ അര്‍ലെകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര സര്‍ക്കാരുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ബിജെപി നേതാവാണ്. 1989ല്‍ ബിജെപിയില്‍ അംഗത്വമെടുത്ത അര്‍ലെകര്‍ ഗോവയില്‍ വനം വകുപ്പ് മന്ത്രിയുമായും സ്പീക്കറായും ചുമതല വഹിച്ചിട്ടുണ്ട്.
കേരളത്തില്‍ വൈസ് ചാന്‍സലര്‍ നിയമനവുമായിബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. ഈ തര്‍ക്കം കോടതി ഇടപെടലിലേക്ക് വരെ എത്തിയിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് അര്‍ലെകര്‍ കേരളത്തില്‍ ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. ബിഹാര്‍ ഗവര്‍ണര്‍ ആയിരിക്കെ ചാന്‍സലറുടെ അധികാരത്തെ വെല്ലുവിളിക്കുകയും സര്‍വ്വകലാശാലകളുടെ സ്വയംഭരണാധികാരം വെട്ടിക്കുറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് ബിഹാര്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ അര്‍ലെകര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാജ്ഭവനും സര്‍ക്കാരും സ്ഥാപനങ്ങളും ഒറ്റപ്പെട്ട് പ്രവര്‍ത്തിച്ചാല്‍ സംസ്ഥാനത്തെ സര്‍വകലാശാലകളിലും കോളേജുകളിലും പുരോഗതി ഉണ്ടാകില്ല എന്ന കാഴ്ചപ്പാട് അന്ന് അര്‍ലെകര്‍ ശക്തമായി അവതരിപ്പിച്ചിരുന്നു. ഈയൊരു സാഹചര്യത്തില്‍ കേരളത്തില്‍ സര്‍വ്വകലാശാലകളിലെ ഗവര്‍ണറുടെ അധികാരത്തെ സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കങ്ങളില്‍ പുതിയ ഗവര്‍ണറുടെ നിലപാട് നിര്‍ണായകമാകും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..