October 16, 2025
#kerala #Top Four

ഉമ തോമസ് എംഎല്‍എയ്ക്ക് അപകടം സംഭവിച്ച ദൃശ്യങ്ങള്‍ പുറത്ത് ; സംഘാടകരുടെ ഭാഗത്ത് വന്‍ വീഴ്ചയെന്ന് വ്യക്തം

കൊച്ചി: കലൂരിലെ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വീണ് പരിക്കേറ്റ സംഭവത്തില്‍ അപകട ദൃശ്യങ്ങള്‍ പുറത്ത്. സമൂഹമാധ്യമങ്ങളില്‍ വൈറലായ ദൃശ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത് വേദിയില്‍ സ്ഥലമില്ലായിരുന്നുവെന്ന് തന്നെയാണ്. ഉമ തോമസ് എംഎല്‍എ പിന്‍നിരയില്‍ നിന്ന് മുന്‍നിരയിലേക്ക് വരുന്നതും ആദ്യം ഒരു കസേരയിലിരുന്ന ശേഷം പിന്നീട് മാറിയിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അത്തരത്തില്‍ മാറി ഇരിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് താഴേക്ക് വീഴുന്നത്. മന്ത്രി സജി ചെറിയാനും എഡിജിപിയും ഉള്‍പ്പെടെ വേദിയിലുണ്ടായിരുന്നു. ഇവരെല്ലാം നോക്കി നില്‍ക്കെയാണ് അപകടം ഉണ്ടായത്. അപകട ദൃശ്യങ്ങള്‍ പുറത്തു വന്നപ്പോള്‍ തന്നെ സംഘാടകരുടെ ഭാഗത്ത് നിന്ന് വന്‍ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.

 

അതേസമയം, നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. നൃത്താധ്യാപകര്‍ പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. സംഘാടകര്‍ക്കെതിരെ സാമ്പത്തിക ചൂഷണത്തിന് ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേല്‍ക്കാനിടയായ പരിപാടി സംഘടിപ്പിച്ച മൃദംഗവിഷന്‍ മാനേജിങ് ഡയറക്ടര്‍ നിഗോഷ് കുമാറാണ് ഒന്നാം പ്രതി. മൃദംഗ വിഷന്‍ പ്രൊപ്രൈറ്റര്‍ നിഗോഷ് കുമാര്‍ ഇന്ന് ഉച്ചയ്ക്ക് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരാകണം എത്തിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം. എന്നാല്‍, സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നും എല്ലാ ഇടപാടുകളും നിയമപരമെന്നുമാണ് നിഗോഷ് കുമാറിന്റെ നിലപാട്. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് മാര്‍ഗരേഖ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

 

Leave a comment

Your email address will not be published. Required fields are marked *