പി വി അന്‍വറിന്റെ അറസ്റ്റ് ; സിപിഎമ്മിനെതിരെ വിഡി സതീശന്‍, അറസ്റ്റിനെ വിമര്‍ശിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്ത നടപടിയില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാക്കള്‍.അന്‍വറിനെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്.
അറസ്റ്റ് കൊടുംകുറ്റവാളിയെ പോലെയെന്ന് സതീശന്‍
പിണറായി വിജയനേയും ഉപജാപക സംഘത്തേയും എതിര്‍ക്കുന്ന ആര്‍ക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അന്‍വറിന്റെ അറസ്റ്റിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്. വന്യജീവി ആക്രമണങ്ങള്‍ തടയുന്നതില്‍ വരുത്തുന്ന ഗുരുതരമായ വീഴ്ചയും ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന വനനിയമ ഭേദഗതിയെയും എതിര്‍ത്താണ് അന്‍വറിന്റെ നേതൃത്വത്തില്‍ സമരം നടന്നത്. സമരത്തില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിന് പകരം സമരം ചെയ്തവരെ കൊടുംകുറ്റവാളികളെ പോലെ അറസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാകില്ല. രാത്രി വീട് വളഞ്ഞ് അറസ്റ്റ് ചെയ്യേണ്ട സാഹചര്യമെന്താണ്? യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇതേ രീതിയില്‍ വീട് വളഞ്ഞാണ് അറസ്റ്റ് ചെയ്തതെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.
അന്‍വര്‍ ജനത്തിനൊപ്പം നിന്നെന്ന് മുരളീധരന്‍
ജനങ്ങള്‍ക്കൊപ്പം നിന്നതിനാണ് പി വി അന്‍വറിനെ അറസ്റ്റ് ചെയ്തതെന്ന് കെ മുരളീധരന്‍ പറഞ്ഞു. പീഡന കേസില്‍ എം മുകേഷിനെ സംരക്ഷിച്ച സര്‍ക്കാരാണ് അന്‍വറിനെ വീട് വളഞ്ഞു അറസ്റ്റ് ചെയ്തത്. എ കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രക്ഷിക്കാന്‍ ഉള്ള നെട്ടോട്ടത്തിലാണ്. വകുപ്പ് നോക്കാനുള്ള സമയം മന്ത്രിക്കില്ല. പി വി അന്‍വറിന്റെ മുന്നണി പ്രവേശനം കാത്തിരുന്നു കാണാമെന്നും അദ്ദേഹം പറഞ്ഞു.
അന്‍വറിനോട് ഭരണകൂടം കാണിച്ച ക്രൂരതകള്‍ ചര്‍ച്ച ചെയ്യണം
മാന്യമായ രീതിയിലുള്ള അറസ്റ്റിന് ഒരു ജനപ്രധിനിധി അര്‍ഹനാണെന്ന് കെ എം ഷാജി പറഞ്ഞു. എന്തിന് വേണ്ടിയാണ് അന്‍വറിനെ അറസ്റ്റ് ചെയ്തതെന്ന കാര്യം നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ മറന്നു പോകരുത്. ഒരു ആദിവാസി യുവാവിനെ ആന ചവിട്ടി കൊന്നപ്പോള്‍ ആണ് പ്രതികരിച്ചത്. നാട്ടില്‍ ഇറങ്ങിയാല്‍ സിപിഐഎം കൊല്ലും കാട്ടില്‍ കയറിയാല്‍ ആന കൊല്ലും അതാണ് ഇപ്പോഴത്തെ അവസ്ഥയെന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.അന്‍വര്‍ സിപിഐഎമ്മിനൊപ്പം നിന്നപ്പോള്‍ വലിയ പ്രശ്‌നം ഉണ്ടായിരുന്നില്ല. അയാള്‍ പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ആണ് പ്രശ്‌നം. അന്‍വര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ മുസ്ലിം ലീഗ് പിന്തുണയ്ക്കുന്നു. അന്‍വറിന്റെ രാഷ്ട്രീയ മാറ്റങ്ങള്‍ അല്ല, ഭരണകൂടം അന്‍വറിനോട് കാണിച്ച ക്രൂരതകള്‍ ആണ് ചര്‍ച്ച ചെയ്യേണ്ടത് കെ എം ഷാജി പറഞ്ഞു.
തെറ്റായ സമരരീതിയെന്ന് എംഎം ഹസ്സന്‍
അന്‍വറിന്റെ അറസ്റ്റ് ന്യായമായ നടപടിയല്ലെന്ന് എംഎം ഹസ്സന്‍ പറഞ്ഞു. അന്‍വറിന്റേത് ന്യായമായ സമരരീതിയല്ല. എന്നാല്‍ ഭീകരവാദികളെ പോലെ വീട് വളഞ്ഞ് അര്‍ദ്ധരാത്രിയുള്ള അറസ്റ്റിന്റെ കാര്യമുണ്ടോ? പൊതുമുതല്‍ നശിപ്പിച്ച വി ശിവന്‍കുട്ടി മന്ത്രിയാണല്ലോ. എല്ലാ കാര്യത്തിലും അങ്ങനെ ചെയ്യാറില്ലല്ലോ? പ്രതിപക്ഷത്തോട് ചെയ്യുന്ന അതേ ക്രൂരതയാണ് പി വി അന്‍വറിനോടും കാണിച്ചത്. വി ശിവന്‍ കുട്ടിയോട് ഈ സമീപനം എടുക്കുമോ? പൊതുമുതല്‍ നശിപ്പിച്ച സിപിഎം പ്രവര്‍ത്തകരെ താലോലിച്ചാണ് പോലീസ് കൊണ്ടുപോകുന്നത്. ഇത് പിണറായിയുടെ പൊലീസ് നയത്തിന്റെ ഭാഗമാണെന്നും ഹസ്സന്‍ പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..