ഡല്‍ഹിയിലെ റോഡുകള്‍ പ്രിയങ്ക ഗാന്ധിയുടെ കവിള്‍ പോലെ മനോഹരമാക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി; രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

ഡല്‍ഹി: തനിക്കെതിരായ ബിജെപി സ്ഥാനാര്‍ത്ഥിയുടെ അസഭ്യ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഡല്‍ഹിയിലെ റോഡുകള്‍ പ്രയിങ്ക ഗാന്ധിയുടെ കവിള്‍ പോലെ മനോഹരമാക്കുമെന്ന ബിജെപി സ്ഥാനാര്‍ത്ഥി രമേഷ് ബിധുരിയുടെ പരാമര്‍ശത്തെയാണ് അതിരൂക്ഷമായി പ്രിയങ്ക വിമര്‍ശിച്ചത്. ഇത്തരമൊരു പരാമര്‍ശം ആക്ഷേപകരമാണെന്നും, അവസരത്തിന് യോജിക്കാത്തതാണെന്നും പ്രതികരിച്ച പ്രിയങ്ക തെരഞ്ഞെടുപ്പില്‍ ഗൗരവമുള്ള വിഷയങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും വ്യക്തമാക്കി.
Also Read ; പെരിയ ഇരട്ടക്കൊല ; നാല് സിപിഎം പ്രവര്‍ത്തകര്‍ പുറത്തിറങ്ങി,രക്തഹാരം അണിയിച്ച് സ്വീകരിച്ച് പ്രവര്‍ത്തകര്‍
അതേസമയം, പ്രസ്താവന വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച ബിധുരി തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും ന്യായീകരിച്ചു. ബിഹാറിലെ റോഡുകള്‍ ഹേമമാലിനിയുടെ കവിള്‍പോലെ മനോഹരമാക്കുമെന്ന് പറഞ്ഞ ലാലു പ്രസാദ് യാദവ് വാഗ്ദാനം പാലിച്ചില്ലെന്നും താന്‍ അതുപോലെയല്ലെന്നും ബിധുരി പറഞ്ഞിരുന്നു. എന്നാല്‍ നേരത്തെ ഇത്തരത്തില്‍ ലോക് സഭയില്‍ അസഭ്യപരാമര്‍ശം നടത്തിയ ബിധുരിയെ ബിജെപി താക്കീത് ചെയ്തിരുന്നു.
വിഷയത്തില്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ബിധുരി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ഉയര്‍ത്തി. ഇതിന് പിന്നാലെ പുതിയൊരു വിവാദത്തിന് ബിധുരി തുടക്കം കുറിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അച്ഛനെ മാറ്റിയെന്നായിരുന്നു ബിധുരിയുടെ പരാമര്‍ശം. മുമ്പ് അതിഷി മെര്‍ലെന എന്നായിരുന്നു മുഖ്യമന്ത്രിയുടെ പേര്. എന്നാല്‍, ഇപ്പോള്‍ അത് അതിഷി സിംഗ് എന്നായെന്നും ഇതാണ് ആംആദ്മി പാര്‍ട്ടിയുടെ സ്വഭാവമെന്നും ബിധുരി പറഞ്ഞു. പ്രിയങ്ക ഗാന്ധിക്കെതിരായ അസഭ്യ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് അടുത്ത പരാമര്‍ശവും വിവാദമായിരിക്കുന്നത്. കല്‍ക്കാജി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും, മുന്‍ എംപിയുമാണ് ബിധുരി. ബിജെപി എല്ലാ അതിരുകളും ലംഘിക്കുകയാണെന്ന് ആംആദ്മി പാര്‍ട്ടി വിമര്‍ശിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..