ആ ഭാവനാദം ഇനിയില്ല…. പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് വൈകീട്ട്
തൃശൂര്‍: അന്തരിച്ച ഭാവഗായകന്‍ പി ജയചന്ദ്രന് വിട നല്‍കാനൊരുങ്ങി നാട്. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ നടക്കും. പറവൂര്‍ ചേന്നമംഗലത്തെ പാലിയത്ത് തറവാട്ടിലെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഇന്ന് രാവിലെ ഏഴരയോടെ മൃതദേഹം പൂങ്കുന്നത്തെ വീട്ടില്‍ നിന്ന് പി ജയചന്ദ്രന്‍
പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇരിഞ്ഞാലക്കുട നാഷണല്‍ സ്‌കൂളിലേക്ക് കൊണ്ടുപോയിരുന്നു. തുടര്‍ന്ന് അവിടെ പൊതുദര്‍ശനം നടത്തിയതിന് ശേഷം പറവൂരിലെ തറവാട്ടിലേക്ക് കൊണ്ടുപോകും.
Also Read ; പഞ്ചാബില്‍ എഎപി എംഎല്‍എയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ഇന്നലെ തൃശൂര്‍ സംഗീത നാടക അക്കാദമി ഹാളില്‍ നടന്ന പൊതുദര്‍ശനത്തില്‍ നടന്‍ മമ്മൂട്ടി, ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി, നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, പെരുവനം കുട്ടന്‍ മാരാര്‍, സംവിധായകരായ സത്യന്‍ അന്തിക്കാട്, കമല്‍, പ്രിയനന്ദനന്‍, ജയരാജ്, സിബി മലയില്‍, മന്ത്രിമാരായ ആര്‍.ബിന്ദു, കെ.രാജന്‍, സംഗീത സംവിധായകരായ വിദ്യാധരന്‍, ഔസേപ്പച്ചന്‍ തുടങ്ങിയവരടക്കം വന്‍ ജനാവലിയാണ് പ്രിയ ഗായകന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.
കഴിഞ്ഞ ദിവസമായിരുന്നു പി ജയരാജന്റെ മരണം. പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മിനിറ്റുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുകയായിരുന്നു. ഒരു വര്‍ഷമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തൃശൂരിലെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച അദ്ദേഹം ആശുപത്രി വിട്ടിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്.
1944 മാര്‍ച്ച് മൂന്നിന് എറണാകുളം രവിപുരത്ത് ഭദ്രാലയത്തില്‍ രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ചുമക്കളില്‍ മൂന്നാമനായി ജയചന്ദ്രക്കുട്ടന്‍ എന്ന ജയചന്ദ്രന്റെ ജനനം. 1965 ല്‍ കുഞ്ഞാലിമരക്കാര്‍ എന്ന സിനിമയിലെ ‘മുല്ലപ്പൂ മാലയുമായ്..’ എന്ന ഗാനം ആലപിച്ചാണ് പിന്നണി ഗാനരംഗത്തേക്ക് വന്നതെങ്കിലും അദ്ദേഹത്തിന്റെ ആദ്യം ശ്രദ്ധനേടിയ ഗാനം തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ കളിത്തോഴനിലെ ‘ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി..’ എന്ന പാട്ടാണ്. പിന്നീടങ്ങോട്ടുള്ള ഓരോ വര്‍ഷവും മലയാളി അദ്ദേഹത്തെ കേട്ടു. തലമുറകള്‍ വിസ്മയിപ്പിച്ച അനുഗ്രഹീത ഭാവനാദമായിരുന്നു പി ജയചന്ദ്രന്റേത്. ‘രാജീവ നയനേ നീയുറങ്ങൂ’, ‘കേവലം മര്‍ത്യഭാഷ കേള്‍ക്കാത്ത’ പോലുള്ള അനശ്വരഗാനങ്ങളാല്‍ പഴയകാലത്തെ ത്രസിപ്പിച്ചപോലെ ‘പൂേവ പൂേവ പാലപ്പൂവേ, ‘പൊടിമീശ മുളയ്ക്കണ പ്രായം,’ ‘ശാരദാംബരം…’ തുടങ്ങിയ പാട്ടുകളിലൂടെ പുതിയകാലത്തിനും അദ്ദേഹം പ്രിയങ്കരനായി.
മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2021-ലെ ജെ.സി. ഡാനിയേല്‍ അവാര്‍ഡ്, മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം, അഞ്ചുതവണ സംസ്ഥാന പുരസ്‌കാരം. നാലുതവണ തമിഴ്നാട് സംസ്ഥാന പുരസ്‌കാരം, തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം, ‘സ്വരലയ കൈരളി യേശുദാസ് പുരസ്‌കാരം എന്നിവയിലൂടെ പലതവണ അദ്ദേഹം ആദരിക്കപ്പെട്ടു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































