‘അഴിമതി ആരോപണം പി ശശി പറഞ്ഞിട്ട്’; വി ഡി സതീശനോട് ക്ഷമ ചോദിച്ച് പി വി അന്‍വര്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി ഡ്രാഫ്റ്റ് ചെയ്തതാണ് വി.ഡി സതീശനെതിരെ ഉന്നയിച്ച 150 കോടി രൂപയുടെ കോഴ ആരോപണമെന്ന് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. പാര്‍ട്ടി തന്നെ ഏല്‍പിച്ച ജോലി മാത്രമാണ് താന്‍ ചെയ്തതെന്നും സ്പീക്കറുടെ കൂടെ അറിവോടെ ചെയ്ത പ്രവര്‍ത്തിയുടെ പാപഭാരം താനിപ്പോഴും ചുമക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു.
‘പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ 150 കോടിയുടെ കോഴ ആരോപണം സഭയില്‍ ഉന്നയിച്ചത് പി.ശശി നിര്‍ബന്ധം പിടിച്ചതുകൊണ്ടാണ്. അതും സ്പീക്കറുടെ അറിവോടെ. പിതാവിന് തുല്യം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയേയും കുടുംബത്തേയും സഭയിലിട്ട് ആക്രമിക്കുന്നത് കണ്ടതിന്റെ മാനസിക സംഘര്‍ഷത്തിലാണ് അന്ന് താന്‍ ആ വിഷയം സഭയില്‍ അവതരിപ്പിച്ചത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
പാര്‍ട്ടി ഏല്‍പിച്ച കാര്യം മാത്രമാണ് താന്‍ ചെയ്തത്. പക്ഷേ, വിജിലന്‍സ് അന്വേഷണത്തില്‍ ആരോപണത്തില്‍ കഴമ്പില്ലെന്ന് തെളിഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ ശത്രുവായി അവതരിപ്പിക്കാനാണോ അന്നങ്ങനെ ഒരു പ്ലാനിങ് നടന്നതെന്ന് അറിയില്ല. അന്ന് നടന്ന സംഭവത്തില്‍ വി.ഡി സതീശനുണ്ടായ മാനഹാനിക്ക് കേരളസമൂഹത്തോട് മാപ്പ് പറയുകയാണെന്നും’ അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. സ്പീക്കറെ കണ്ട് രാജിക്കത്ത് നല്‍കിയശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.