നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഒരു മരണം,14 പേര്‍ക്ക് പരിക്ക്, ഡ്രൈവര്‍ കസ്റ്റഡിയില്‍
തിരുവവന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരുമരണം അടക്കം 14 പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലീസ്. ഒറ്റശേഖരമംഗലം സ്വദേശി അരുള്‍ ദാസ് ആണ് കസ്റ്റഡിയിലുള്ളത്. അപകടം നടന്നയുടന്‍ ഇയാള്‍ സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ ഇയാളുടെ പുരികത്തില്‍ പരിക്കേറ്റിരുന്നു. ഇതിന് ചികിത്സ തേടിയശേഷം ഇയാള്‍ സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടി. തുടര്‍ന്ന് വിവരമറിഞ്ഞ നെടുമങ്ങാട് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കാട്ടാക്കട പെരുങ്കടവിളയില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. വളവില്‍ വച്ച് ബസ് ബ്രേക്കിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ വിശദപരിശോധന ഇന്ന് നടക്കും. അപകടത്തില്‍ പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
അതേസമയം, അപകടത്തില്‍പ്പെട്ട ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരു ലോറിയെ മറികടക്കുന്നതിനിടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് അപകട സമയം അടുത്തുണ്ടായിരുന്നവര്‍ പറയുന്നത്. വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ടതോടെ വളവ് തിരിഞ്ഞശേഷമാണ് ബസ് മറിഞ്ഞത്. അതുവരെ റോഡിലൂടെ തെന്നി നീങ്ങുകയായിരുന്നെന്നും ബഹളം കേട്ടാണ് നോക്കിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
അപകടത്തെത്തുടര്‍ന്ന് ഉടന്‍ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും, കെഎസ്ഇബിയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനായി. ബസിന്റെ ചില്ലുകള്‍ തകര്‍ത്ത് മുഴുവന്‍ പേരെയും പുറത്തെത്തിക്കുന്നതിലും ഒട്ടും വൈകാതെ തങ്ങളുടെ സ്വകാര്യ വാഹനങ്ങളില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തിയതും രക്ഷയായി. ബസിനടിയില്‍ മറ്റാരും അകപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കിയതിനുശേഷമാണ് രക്ഷാദൗത്യം അവസാനിപ്പിച്ചത്. കാവല്ലൂര്‍ സ്വദേശിനി ദാസിനി (60) ആണ് മരിച്ചത്. 49 പേര്‍ ബസില്‍ ഉണ്ടായിരുന്നതായാണ് വിവരം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..




Malayalam 





























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































