January 21, 2025
#kerala #Top Four

ഷാരോണ്‍ വധക്കേസ് ; ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍,സമര്‍ത്ഥമായ കൊലപാതകമെന്ന് കോടതി, കേരള പോലീസിന് അഭിനന്ദനം

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയത്. 2022 ഒക്ടോബര്‍ 14 നാണ് ഗ്രീഷ്മ ഷാരോണിനെ കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയത്. തുടര്‍ന്ന് ഒക്ടോബര്‍ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു.കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവന്‍ നിര്‍മലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.

Also Read ; ‘ഗ്രീഷ്മയുടെ ജാതകം, വിഷക്കുപ്പിയുടെ പൊളിച്ച് കളഞ്ഞ ലാബല്‍’ ; പോലീസ് തെളിവുകള്‍ നിര്‍ണായകമായെന്ന് പ്രോസിക്യൂഷന്‍

കോടതിയിലെത്തിച്ച സമയം മുതല്‍ ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേള്‍ക്കാന്‍ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവര്‍ മൂവരെയും ജഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

വിധി പ്രസ്താവത്തില്‍ കോടതി പറഞ്ഞത്

കേരള പോലീസിന് കോടതി അഭിനന്ദനങ്ങള്‍ അറിയിച്ചു. പോലീസ് അന്വേഷണം അതില്‍ സമര്‍ത്ഥമായി നടത്തി. അന്വേഷണ രീതി മാറിയ കാലത്തിനനുസരിച്ച് പോലീസ് മാറ്റി. സാഹചര്യ തെളിവുകള്‍ നല്ല രീതിയില്‍ ഉപയോഗിക്കുകയും ചെയ്തു. കുറ്റകൃത്യം ചെയ്ത അന്നുമുതല്‍ തനിക്ക് എതിരായ തെളിവുകള്‍ താന്‍ സ്വയം ചുമന്ന് നടക്കുകയായിരുന്നു എന്ന് പ്രതി അറിഞ്ഞിരുന്നു. വിവാഹനിശ്ചയത്തിനുശേഷം ഷാരോണുമായി പ്രതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് തെളിഞ്ഞതായി കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി.

ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ വിഷം നല്‍കി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ സ്‌നേഹിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല. ഷാരോണിന് പരാതി ഉണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുമ്പില്‍ പ്രസക്തമല്ല. അതേ സമയം സ്‌നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ ശ്രമിച്ചു. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം എന്ന് പറഞ്ഞാണ് ഷാരോണിനെ വിളിച്ചു വരുത്തിയത്. ജ്യൂസില്‍ എന്തോ പ്രശ്‌നങ്ങളുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് ഷാരോണ്‍ വീഡിയോ ചിത്രീകരിച്ചത് എന്നും കോടതി ചൂണ്ടിക്കാട്ടി.

11 ദിവസം ഒരു തുള്ളി വെള്ളം ഇറക്കാന്‍ ആകാതെ ഷാരോണ്‍ ആശുപത്രിയില്‍ കിടന്നു. വിശ്വാസ വഞ്ചനയാണ് ഗ്രീഷ്മ നടത്തിയത്. ഗ്രീഷ്മയെ വാവ എന്നായിരുന്നു ഷാരോണ്‍ വിളിച്ചത്. പ്രകോപനമൊന്നുമില്ലാതെയാണ് കൊലപാതകം നടത്തിയത്. ഗ്രീഷ്മയെ ഷാരോണ്‍ മര്‍ദ്ദിച്ചതിന് തെളിവില്ലെന്നും കോടതി പറഞ്ഞു. കുറ്റകൃത്യം ചെയ്തിട്ടും അവസാനം വരെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച കൗശലം വിജയിച്ചില്ല. ഒക്ടോബര്‍ 14ന് ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചപ്പോള്‍ കൊലപ്പെടുത്താന്‍ ആണ് വിളിക്കുന്നത് എന്ന് ഷാരോണിന് അറിയില്ലായിരുന്നു.

സ്‌നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കൊള്ളില്ല എന്ന സന്ദേശമാണ് ഈ കേസ് നല്‍കിയത്. പ്രതിയുടെ പ്രായം കോടതിക്ക് കണക്കിലെടുക്കാന്‍ ആകില്ല. എനിക്ക് പ്രതിയെ മാത്രം കണ്ടാല്‍ പോരാ. മറ്റു കുറ്റകൃത്യത്തില്‍ നേരത്തെ ഉള്‍പ്പെട്ടിട്ടില്ല എന്ന വാദവും കണക്കിലെടുക്കാന്‍ കഴിയില്ല. ഗ്രീഷ്മ നേരത്തെ ഒരു വധശ്രമം നടത്തി. ഗ്രീഷ്മ വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്തു. തട്ടികൊണ്ടുപോകല്‍, കൊലപാതകം, വിഷം നല്‍കല്‍, പോലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഗ്രീഷ്മയ്‌ക്കെതിരെയുള്ളത്. ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം അന്വേഷണത്തെ വഴിത്തിരിക്കാന്‍ മാത്രമായിരുന്നു. ഘട്ടം ഘട്ടമായി കൊലപാതകം നടത്തുകയായിരുന്നു ഗ്രീഷ്മയുടെ ലക്ഷ്യം. 48 സാഹചര്യ തെളിവുകള്‍ ഗ്രീഷ്മക്കെതിരെയുണ്ട്. ഇത്തരം കേസില്‍ പരമാവധി ശിക്ഷ നല്‍കരുത് എന്നു നിയമം ഇല്ല. ഷാരോണ്‍ അനുഭവിച്ചത് വലിയ വേദനയാണ്. ആ വേദന ചെറുതായിരുന്നില്ല. ഷാരോണിന്റെ അവയവങ്ങള്‍ അഴുകിയ നിലയിലായിരുന്നുവെന്നതും പരാമവധി ശിക്ഷ വിധിക്കാന്‍ കാരണമായി.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *