മണിയാര്‍ പദ്ധതി സഭയില്‍ ഉന്നയിച്ച് രമേശ് ചെന്നിത്തല ; വിഷയത്തില്‍ വ്യവസായം, വൈദ്യുതി വകുപ്പുകള്‍ക്ക് രണ്ട് നിലപാടെന്ന് വിമര്‍ശനം
തിരുവനന്തപുരം: മണിയാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സഭയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭയില്‍ സബ്മിഷനായാണ് വിഷയം ഉന്നയിച്ചത്. കാര്‍ബൊറാണ്ടം കമ്പനിയില്‍ നിന്ന് പദ്ധതി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് എന്താണ് തടസമെന്ന് ചോദിച്ച ചെന്നിത്തല, വ്യവസായ മന്ത്രിക്കും വൈദ്യുതി മന്ത്രിക്കും ഇക്കാര്യത്തില്‍ രണ്ട് നിലപാടാണെന്നും കുറ്റപ്പെടുത്തി.
കെഎസ്ഇബിയും കാര്‍ബൊറാണ്ടം കമ്പനിയും തമ്മിലുള്ള കരാര്‍ അനുസരിച്ച് മണിയാര്‍ പദ്ധതി തിരിച്ച് നല്‍കേണ്ടതാണെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി പ്രതികരിച്ചു. എന്നാല്‍ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ കരാര്‍ നീട്ടണമെന്നാണ് വ്യവസായ വകുപ്പ് നിലപാട്. കെഎസ്ഇബിക്ക് നഷ്ടം വരാത്തതും വ്യവസായ മേഖലക്ക് നഷ്ടമില്ലാത്തതുമായ നിലപാട് ചര്‍ച്ചയിലൂടെ കണ്ടെത്താനാണ് ശ്രമമെന്നും അദ്ദേഹം വിശദീകരിച്ചു.
പിന്നാലെ എഴുന്നേറ്റ മുഖ്യമന്ത്രി കാര്‍ബോറാണ്ടം കേരളത്തില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്ന് പ്രശംസിച്ചു. കാര്‍ബൊറാണ്ടത്തിന് ആവശ്യമായ വൈദ്യുതി അവര്‍ ഉത്പാദിപ്പിക്കട്ടെയെന്നും മിച്ച വൈദ്യുതി ഉണ്ടെങ്കില്‍ കെഎസ്ഇബിക്ക് നല്‍കട്ടെയെന്നും മുഖ്യമന്ത്രി നിലപാടെടുത്തു. തര്‍ക്കത്തിന്റെ കാര്യം ഇല്ലെന്നും ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ കാലമാണിതെന്നും പറഞ്ഞ മുഖ്യമന്ത്രി കൂടിയാലോചനയിലൂടെ പരിഹരിക്കാമെന്നും മറുപടി നല്‍കി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..