#International #Top News

ട്രംപിന് തിരിച്ചടി ; ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ഉത്തരവിന് സ്റ്റേ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. ട്രംപിന്റെ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്തു. 14 ദിവസത്തേക്കാണ് സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജ് ഉത്തരവിന്റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തത്. ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നത് നഗ്‌നമായ ഭരണഘടനാ ലംഘനമാണെന്ന് ജഡ്ജ് ജോണ്‍ കോഗ്‌നോര്‍ അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച ഇത് സംബന്ധിച്ച കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നടപടി.

Also Read ; മലപ്പുറത്ത് കിണറില്‍നിന്ന് രക്ഷപ്പെടുത്തിയ കാട്ടാന അവശനിലയില്‍

നിലവിലുള്ള രീതി അനുസരിച്ച് അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും.എന്നാല്‍ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായി ഈ ജന്മാവകാശ പൗരത്വം നിരോധിക്കാന്‍ ട്രംപ് ഉത്തരവിട്ടു.
അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറത്തിറക്കുകയും ചെയ്തിരുന്നു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ അമേരിക്കയിലുള്ള വലിയൊരു വിഭാഗം വിദേശികളെ ആശങ്കയിലാക്കുന്നതായിരുന്നു ഈ ഉത്തരവ.് ഫെബ്രുവരി 20നാണ് ഇത് പ്രാബല്യത്തില്‍ വരാനിരുന്നത്.

പുതിയ ഉത്തരവ് പ്രകാരം അമേരിക്കന്‍ പൗരന്മാരുടെയും നിയമാനുസൃതം സ്ഥിരതാമസ അനുമതി ലഭിച്ചവരുടെയും മക്കള്‍ക്ക് മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ. വര്‍ഷം രണ്ടര ലക്ഷത്തോളം കുട്ടികളെ ഇത് ബാധിക്കുമെന്നായിരുന്നു കണക്ക്. ട്രംപിന്റെ ഉത്തരവിനെതിരെ നിരവധി അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഇതിനോടകം നിയമ നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഉത്തരവ് നിയമവിരുദ്ധമാണെന്ന് കാണിച്ച് വിവിധ വ്യക്തികളും സംഘനടകളും കോടതികളെ സമീപിക്കുകയായിരുന്നു. അതേസമയം സ്റ്റേ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *