സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം.കടമെടുപ്പ് പരിധി മൂന്നര ശതമാനം ആയി ഉയര്‍ത്തണമെന്നും അത് ഉപാധി രഹിതമാകണമെന്നും ബജറ്റിന് മുന്നോടിയായി കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തവണത്തെ ബജറ്റില്‍ വിഴിഞ്ഞം തുറമുഖ പദ്ധതിക്കും വയനാട് പുനരധിവാസത്തിനും പ്രത്യേക പരിഗണന ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളമുള്ളത്.
കടമെടുപ്പ് പരിധി വെട്ടിച്ചുരുക്കുന്നതിനെ ചൊല്ലി കോടതി കയറിയ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് കേന്ദ്ര ബജറ്റ് വരുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതി നടത്തിപ്പിന് സമാഹരിക്കുന്ന വായ്പ പോലും കടപരിധിയില്‍ ഉള്‍പ്പെടുത്തുന്ന കേന്ദ്ര നയത്തിനെതിരെ കടുത്ത പ്രതിഷേധമുന്നയിക്കുന്ന കേരളം അത് പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് പ്രധാനമായും കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വയ്ക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം 3.5 ശതമാനമായെങ്കിലും കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഒപ്പം ഊര്‍ജ്ജമേഖലയിലെ നേട്ടത്തിന് അനുവദിച്ച 1.5 ശതമാനം തുടരണമെന്നും ആവശ്യപ്പെടുന്നു.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ശാശ്വത പരിഹാരത്തിന് കേന്ദ്ര ബജറ്റില്‍ ഇത്തവണ പ്രത്യേക പരിഗണന ഉണ്ടാകുമെന്നാണ് കേരളത്തിന്റെ കണക്കുകൂട്ടല്‍. 4500 കോടിയെങ്കിലും മാറ്റി വെക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യ മൃഗ സംഘര്‍ഷ മേഖലകളില്‍ പ്രശ്ന പരിഹാരത്തിന് ആയിരം കോടിയെങ്കിലും വകയിരുത്തലും പ്രതീക്ഷിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യമേഖലയില്‍ വന്‍കിട മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ട സില്‍വര്‍ ലൈന്‍, അങ്കമാലി ശബരി തലശ്ശേരി മൈസുര്‍ റെയില്‍ പാതകള്‍ തുടങ്ങിയവയിലെല്ലാം പരിഗണനകള്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നെല്ല് സംഭരണം സപ്ലെയ്കോ കുടിശിക, റബ്ബറിന് വില സ്ഥിരതാ ഫണ്ട് തുടങ്ങി സാമൂഹ്യ ക്ഷേമ പെന്ഷന് വിതരണത്തില്‍ കുടിശ തീര്‍ക്കല്‍ വരെ സമഗ്രമായ പാക്കേജാണ് കേരളം സമര്‍പ്പിച്ചിട്ടുള്ളത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































