മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, 40 പേര്‍ക്ക് പരിക്കേറ്റു
ഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ മഹാകുംഭമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചതായും 40 ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. കുംഭമേളക്കിടെ അമൃത് സ്‌നാനത്തിനിടെ ബാരിക്കേട് തകര്‍ന്നാണ് അപകടമുണ്ടായത്. തിരക്ക് പരിഗണിച്ച് തുടര്‍ സ്‌നാനം നിര്‍ത്തിവെച്ചെങ്കിലും പിന്നീട് വീണ്ടും പുനരാരംഭിച്ചു. അതേസമയം അപകടത്തില്‍ മരണം സംഭവിച്ചുവെന്ന വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. മഹാകുംഭമേളയിലെ വിശേഷ ദിവസം ഒരു കോടി പേരെങ്കിലും പങ്കെടുത്തതായാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
Also Read ; നെന്മാറ ഇരട്ടക്കൊല ; ലോക്കപ്പിലെത്തിയ പ്രതി ആദ്യം ചോദിച്ചത് ചിക്കനും ചോറും, വിഷം കഴിച്ചുവെന്ന വാദം പൊളിഞ്ഞു
അതേസമയം അപകടത്തിന്റെ പശ്ചാത്തലത്തില്‍ കുംഭമേളയിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. രക്ഷാപ്രവര്‍ത്തനവും, ചികിത്സയും കാര്യക്ഷമമായി നടക്കണമെന്ന് യുപി സര്‍ക്കാരിന് മോദി നിര്‍ദ്ദേശം നല്‍കി. ഊഹാപോഹങ്ങളില്‍ വീഴരുതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുന്നുണ്ടെന്നും പറഞ്ഞ യോഗി, തീര്‍ത്ഥാടകരോട് അഭ്യര്‍ത്ഥനയും നടത്തി. സംഗംഘട്ടിലേക്ക് സ്‌നാനത്തിനായി പോകരുതെന്നും സമീപമുള്ള സ്ഥലങ്ങള്‍ തെരഞ്ഞെടുക്കണമെന്നും യോഗി അഭ്യര്‍ത്ഥിച്ചു. ഉന്നതതല യോഗം വിളിച്ച യോഗി ആദിത്യനാഥ് കുംഭമേള അധികൃതരുമായി ചര്‍ച്ച നടത്തി. തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സന്യാസി സമൂഹം അറിയിച്ചു.
അതേസമയം, കുംഭമേള അപകടത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. സജ്ജീകരണങ്ങളിലെ പാളിച്ച ആശങ്കയുണ്ടാക്കുന്നതാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് എത്രയും വേഗം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കണമെന്നും പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കണമെന്നും അഖിലേഷ് യാദവ് എക്‌സില്‍ കുറിച്ചു. ദുരന്തത്തില്‍ നടുക്കവും ദു:ഖവും രേഖപ്പെടുത്തി മായാവതിയും രംഗത്തെത്തി. സുരക്ഷ ഒരുക്കുന്നതില്‍ യോഗി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആം ആദ്മി പാര്‍ട്ടിയും വിമര്‍ശിച്ചു. സെല്‍ഫ് പ്രമോഷന് കോടികള്‍ ചെലവഴിക്കുന്നവര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ മറന്നുവെന്ന് രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും രംഗത്തെത്തി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































